തൃശൂർ: ഗുരുവായൂര്‍ വികസനത്തിന് സമഗ്ര പദ്ധതികളുമായി ഗുരുവായൂര്‍ നഗരസഭയിലെ എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ എന്ന് ലക്ഷ്യവും എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറയുന്നു. പ്രധാന കാർഷിക മേഖലയായ കുട്ടാടൻ പാടശേഖരം പൂർണമായും കൃഷി സജ്ജമാക്കും, ശാസ്ത്രീയ ജലസേചന പദ്ധതി നടപ്പിലാക്കും, വ്യവസായ എസ്റ്റേറ്റ് സമ്പൂർണമായും ജനങ്ങൾക്ക് സമർപ്പിക്കും, നഗരങ്ങളിലെ കെട്ടിടങ്ങൾ മുഴുവൻ സ്ത്രീ സൗഹാർദമാക്കും എന്നിവയാണ് വാഗ്‌ദാനങ്ങളില്‍ പ്രധാനം.
ഗുരുവായൂർ സത്യാഗ്രഹ സ്മാരക വിപുലീകരിക്കും, ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അമ്പലത്തിലേക്ക് കുടുംബശ്രീ നേതൃത്വത്തില്‍ ഇലക്ട്രിക് വാഹനങ്ങൾ, ചാവക്കാട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് കേന്ദ്രീകൃത സ്കൂൾ ആക്കി മാറ്റും, ഏകാദശി കാർണിവൽ തൃശൂർ പൂരം എക്സിബിഷൻ മാതൃകയിൽ വിപുലീകരിക്കും, നഗരത്തിൽ തുറന്ന ജിംനേഷ്യം സ്ഥാപിക്കും എന്നിവയും പ്രകടന പത്രികയില്‍ പറയുന്നു.
നഗരസഭയിലെ എല്ലാം വിഭാഗം മനുഷ്യരേയും ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകരേയും മുന്നില്‍കണ്ടുള്ള സമഗ്ര പ്രകടന പത്രിക പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കെ.എ ജേക്കബ്ബ് അധ്യക്ഷനായി. ടി.ടി. ശിവദാസ്, പി ഐലാസര്‍, എം മോഹന്‍ദാസ്, ജി കെ പ്രകാശ്, ആര്‍ വി അബ്ദുള്‍ മജിദ്, കെ.ആര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു.