തൃശ്ശൂര്‍: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ താലൂക്കാശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശത്തെ തുടർന്നാാാണ് തീരുമാനം. താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടമാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. 70 രോഗികളെ വരെ ഇവിടെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും. മൂന്ന് ദിവസത്തിനകം കൊവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങും.
ആശുപത്രിയിൽ നിലവിലുള്ള ഇൻ പേഷ്യൻസ് വിഭാഗത്തെ ടി.കെ.എസ് പുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റും. പ്രസവ ചികിത്സയുടെ ഒ.പിയും അവിടേക്ക് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്. സാധാരണ രോഗങ്ങൾക്കുള്ള ഒ.പി നിലവിലുള്ള കെട്ടിടത്തിൽ തന്നെ തുടരും. കെട്ടിടത്തിന്‍റെ പടിഞ്ഞാറ് ഭാഗം അടച്ചു കെട്ടി പ്രവേശനം ഇല്ലാതാക്കും. ക്യാന്‍റീൻ പ്രവർത്തനം നിർത്തിവെക്കും. ഡയാലിസിസ് ചികിത്സ ഇപ്പോഴുള്ള സ്ഥലത്ത് തന്നെ തുടരും. പോസ്റ്റ്‌മോര്‍ട്ടം കെട്ടിടത്തിലേക്ക് പടിഞ്ഞാറ് ഭാഗത്ത് പ്രവേശന കവാടം തുറക്കും. ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുവാൻ നഗരത്തിൽ പ്രത്യേക സൗകര്യം നഗരസഭ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു..
ഇൻ പേഷ്യൻസ് വിഭാഗം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുവാൻ ശ്രമിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ അഭ്യർത്ഥിച്ചു. കൊടുങ്ങല്ലൂരിന് പുറമെ ചാലക്കുടി താലൂക്ക് ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരിമാനിച്ചിട്ടുണ്ട്.