തൃശൂര്‍: കേരളവര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ സംഘം ചേർന്ന് മര്‍ദ്ദിച്ച സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് അച്ചടക്ക സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തില്‍ നടപടിയെടുത്തത്. ഏഴ് വിദ്യാർഥികളെ ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ കോളജ് സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു.
വിശദമായ അന്വേഷണം നടത്താനും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കെതിരെയും നടപടിയെടുക്കാനും കൗൺസിൽ തീരുമാനിച്ചു. ക്ലാസ് മുറിയിൽ നിന്നും വലിച്ചിറക്കിയാണ് മൂന്ന് വിദ്യാർഥികളെ സംഘം ചേർന്ന് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.