തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പദ്ധതിക്ക് കേന്ദ്രാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതിക്ക് അനുമതി നൽകേണ്ടവർ അത് നൽകാൻ തയ്യാറാകാതെ വൈകിപ്പിക്കുകയാണ്. മറ്റ് ആരുടെയോ സമ്മർദത്തിന്‍റെ ഫലമായാണ് കേന്ദ്രം അനുമതി നീട്ടിക്കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
എന്നായാലും കേന്ദ്രത്തിന് പദ്ധതിക്ക് അനുമതി നൽകേണ്ടി വരും. അനുമതി ലഭിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയാൽ മതിയെന്നാണ് തീരുമാനം. വളവുകൾ നിവർത്തിയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തിയും പുതിയ ട്രാക്ക് നിർമിച്ചും ട്രെയിനുകളുടെ വേഗത വർധിപ്പിക്കാം എന്നത് അപ്രായോഗികമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതിന് വർഷങ്ങൾ വേണ്ടിവരും. അർധ അതിവേഗ പാത കേളത്തിന് കൂടിയേ തീരൂ. ഇതിന് ഇപ്പോൾ കെ-റെയിൽ എന്ന് പേര് നൽകിയെന്നേയുള്ളൂ. ഈ പേരിനാണ് പ്രശ്നമെങ്കിൽ സർക്കാരിന് അക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഡോ എം കെ മുനീർ, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Also Read: ഫാസിസ്റ്റ് ശക്തികളെ ചെറുക്കണം, ഒന്നിച്ചുനിന്ന് പൊരുതണം, മുഖ്യമന്ത്രിയുടെ പ്രമേയം ഐകകണ്‌ഠേന പാസാക്കി നിയമസഭ