തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പൊലീസ് നിരീക്ഷണത്തിന് വിധയമാക്കുന്നതിൽ ദേവസ്വത്തിന് എതിർപ്പ്.
ഇതിനെതിരെ പ്രതിഷേധവുമായി ഗുരുവായൂരിലെ സംഘടനകളും നാട്ടുകാരും രംഗത്ത്. കേന്ദ്ര സർക്കാർ ഗുരുവായൂർ ക്ഷേത്രത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ക്ഷേത്രവികസനത്തിനായി പ്രസാദ് പദ്ധതി പ്രകാരം അനുവദിച്ച ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിനകത്തും പുറത്തുമായി ക്യാമറകൾ സ്ഥാപിച്ചത്. ഇത് നിരീക്ഷിക്കാനുള്ള സംവിധാനം പൊലീസിന് നൽകാതെ ദേവസ്വം അധികൃതർക്ക് മാത്രം ഒരുക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ക്ഷേത്രത്തിനകത്തും പുറത്തും നടക്കുന്ന മാല പൊട്ടിക്കൽ, മോഷണം, ഭക്തരും ക്ഷേത്രം ജീവനക്കാരുമായുള്ള തർക്കങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളെ കണ്ടെത്താൻ ദേവസ്വം അധികൃതരുടെ കാല് പിടിക്കേണ്ട ഗതികേടിലാണ് പൊലീസ്. ക്ഷേത്ര സുരക്ഷ കണക്കിലെടുത്ത് ടെമ്പിൾ പോലീസ് സ്റ്റേഷൻ ഉൾപ്പടെ രണ്ട് പൊലീസ് സ്റ്റേഷനുകൾ ഗുരുവായൂരിൽ ഉണ്ട്. എന്നാൽ ദേവസ്വത്തിന്റെ പിടിവാശി മൂലം ഇപ്പോഴും ക്യാമറകളുടെ നിരീക്ഷണം പൊലീസിന് നൽകാത്തതാണ് നാട്ടുകാരുടേയും സംഘടനകളുടേയും പ്രതിഷേധത്തിന് കാരണം.