തൃശൂര്‍: ദേശീയപാതയിലൂടെ സിഎന്‍ജി സിലിണ്ടറുകള്‍ കൊണ്ടുപോയിരുന്ന വാഹനത്തില്‍ നിന്നുണ്ടായ വാതക ചോര്‍ച്ച പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെ പുതുക്കാട് കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതം സ്‌തംഭിച്ചു.
സിഎന്‍ജി കൊണ്ടുപോയിരുന്ന പിക്അപ്പ് ലോറിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. സിലിണ്ടറുകള്‍ ഘടിപ്പിച്ചിരുന്ന വാല്‍വില്‍ ഉണ്ടായ ലീക്ക് ആണ് വാതക ചോര്‍ച്ചയ്‌ക്ക് കാരണമായത്. വലിയ ശബ്‌ദത്തില്‍ ആയിരുന്നു വാതകം ചോര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. മുന്‍കരുതല്‍ എന്ന നിലയില്‍ സമീപത്തെ ബാങ്കുകള്‍, ആശുപത്രി, സര്‍ക്കാര്‍ ഓഫിസുകളിലെയും പരിസരത്തെയും ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചു.
ഉടന്‍തന്നെ പുതുക്കാട് അഗ്നിരക്ഷാ യൂണിറ്റിലെ സേനാംഗങ്ങള്‍ എത്തി ചോര്‍ച്ച പരിഹരിച്ചു. ഇതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
ALSO READ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് കടത്തിയ കുഞ്ഞിനെ കണ്ടെത്തി