തൃശൂർ: സോളാർ കേസ് തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടു വരുന്നത് രാഷ്ട്രീയമായി മറ്റു ആരോപണങ്ങൾ ഇല്ലാത്തതിനാലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതുകൊണ്ടാണ് പഴകിയ ആരോപണങ്ങൾ വീണ്ടും ഉയർത്തുന്നത്.
ദേശീയ രാഷ്ട്രീയത്തിൽ സിപിഎം കോൺഗ്രസ് ഓഫീസിന്‍റെ തിണ്ണ നിരങ്ങുകയാണ്. ശക്തമായ ഇടതു പക്ഷം ഉണ്ടാകണം. അതിന് വേണ്ടിയാണ് ഇടത് പക്ഷവുമായി കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ കൈകോർക്കുന്നത്. അതേസമയം മാവോയിസ്റ്റുകൾ സിപിഎമ്മിന് എന്ന് മുതലാണ് കണ്ണിലെ കരടായതെന്ന് മുല്ലപ്പള്ളി ചോദിച്ചു. വ്യാജ ഏറ്റുമുട്ടൽ സിപിഎം നയമാണോ എന്ന് വ്യക്തമാക്കണണമെന്നും മുല്ലപ്പള്ളി തൃശൂരിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം ഉന്നയിച്ച കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും മുല്ലപ്പള്ളി മറുപടി പറഞ്ഞു. മാത്യു കുഴൽനാടൻ തനിക്ക് ലേഖനം എഴുതേണ്ട ആളല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് തന്നോട് നേരിട്ട് സംസാരിക്കുകയോ തിരുവനന്തപുരത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയോ ചെയ്യാം. അർഹതയുള്ളവർക്ക് മാത്രമാണ് പാർട്ടി സീറ്റ് കൊടുക്കുന്നത്. പ്രവർത്തകരുടെ തെരഞ്ഞെടുപ്പാണ് വരുന്നത്. അവർക്ക് മൗലികമായ സ്വാതന്ത്ര്യം നൽകണമെന്നതാണ് യുഡിഎഫിന്‍റെ സമീപനമെന്നും മുല്ലപ്പള്ളി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.