തൃശൂർ : ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്.
വീടിൻ്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയിൽ ദിവ്യയും മരിച്ചു കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവൻ മത്സ്യത്തൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്‌പമംഗലം പൊലീസും, സയൻ്റിഫിക്ക്, വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി.
മൂന്നംഗ കുടുംബം മരിച്ച നിലയിൽ : അതേസമയം തൃശൂർ നഗരത്തിൽ കെഎസ്‌ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്‌ജിൽ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. ചെന്നൈ മടിപ്പാക്കം സ്വദേശികളായ സന്തോഷ് പീറ്റർ (51), ഭാര്യ സുനി പീറ്റർ (50), മകൾ ഐറിൻ (20) എന്നിവരാണ് മരിച്ചത്. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്‌ത്രീയുടെ വിലാസത്തിലുള്ളത്. ഇവര്‍ കുടുംബ സമേതം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇക്കഴിഞ്ഞ നാലാം തിയതി രാത്രി 12 മണിയോടെയാണ് ഇവര്‍ തൃശൂരിലെത്തി ലോഡ്‌ജില്‍ മുറിയെടുക്കുന്നത്. ഏഴാം തിയതി രാത്രി തിരികെ പോകുമെന്നും ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു.
എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവർ മുറിയിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ജീവനക്കാർ അന്വേഷിച്ചെത്തിയെങ്കിലും വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിൽ ഏറെ നേരം തട്ടിവിളിച്ചിട്ടും യാതൊരു വിധ പ്രതികരണവും ഉണ്ടാകാത്തതിനെത്തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ALSO READ : തൃശൂരിൽ മൂന്നംഗ കുടുംബത്തെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി
തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് പീറ്ററെയും ഭാര്യ സുനിയെയും മുറിക്കകത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മൃതദേഹം ബാത്ത്‌റൂമിലും കണ്ടെത്തി. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും മരണകാരണത്തെ കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് വ്യക്തമാക്കി.
മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ : മെയ് അഞ്ചിന് പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലും ജീനയെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.