തൃശൂർ: മന്ത്രി എസി മൊയ്തീൻ വോട്ട് ചെയ്തതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. പ്രിസൈഡിങ് ഓഫീസറുടെ വാച്ചിൽ ഏഴ് മണിയായിരുന്നുവെന്നാണ് വിശദീകരണം. കലക്ടർ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി. അതേ സമയം, മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല കലക്ടറുടേതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിൽ മന്ത്രി എസി മൊയ്‌ദീൻ 6.55 ന് വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനിൽ അക്കര എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് കലക്ടർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സംഭവത്തിൽ ചട്ട ലംഘനം നടന്നുവെന്ന് ആരോപിച്ച് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ചട്ടലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതേ സമയം, ജില്ലാ കലക്ടർ മന്ത്രിയെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ടിഎൻ പ്രതാപൻ എംപി രംഗത്തെത്തി. കലക്ടർ എൽഡിഎഫ് കൺവീനറെ പോലെ പ്രവർത്തിക്കുന്നുവെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. വോട്ടെണ്ണലിൽ ആശങ്കയുണ്ടെന്നും കലക്ടറെ കൗണ്ടിങ് ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകുമെന്നും ടിഎൻ പ്രതാപൻ കൂട്ടിച്ചേർത്തു.