തൃശൂർ: മഹാവിഷ്‌ണുവിന്‍റെ ഒമ്പതാം അവതാരമായ ശ്രീകൃഷ്‌ണൻ പിറവി കൊള്ളുന്ന ദിവസമാണ് അഷ്‌ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇന്ന് കണ്ണന്‍റെ പിറന്നാൾ ദിനത്തിൽ ഭഗവാനെ പുറത്ത് നിന്ന് തൊഴാൻ ആയിരങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ക്ഷേത്ര പ്രവേശനവും ചടങ്ങുകളും. ഓൺലൈൻ ബുക്കിങ്ങ് വഴി ആയിരം ഭക്തർക്കായിരുന്നു ദേവസ്വം ഇന്ന് മുതൽ ദർശനം അനുവദിച്ചത്.
വെർച്വൽ ക്യൂ വഴിയാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഘോഷയാത്രയും നഗരവീഥിയിലെ ഉറിയടിയും ഇക്കുറി ഉണ്ടായിരുന്നില്ല. പകരം മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വേഷം ധരിച്ച കൃഷ്ണനും കുചേലനും ക്ഷേത്രനടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങിയ ശേഷം ഗുരുവായൂരിലെ വീടുകളിൽ തയ്യാറാക്കിയ ഉറികൾ അടിച്ചുടച്ചു.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അപ്പവും പാൽപായസവും വിതരണം ചെയ്‌തു. കാഴ്‌ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. ഒരാനയെ മാത്രമായിരുന്നു കാഴ്‌ചശീവേലിക്ക് പങ്കെടുപ്പിച്ചത്. വർഷം തോറും അമ്പതിനായിരം അപ്പവും പതിനാലര ലക്ഷം രൂപയുടെ പാൽപ്പായസവും നിവേദ്യമായി അർപ്പിച്ചു വന്നിരുന്നു. അഷ്‌ടമിരോഹിണി ദിവസം മുപ്പതിനായിരത്തിൽ പരം ഭക്തർക്ക് സദ്യ വിളമ്പുന്നതായിരുന്നു പതിവ്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.