തൃശൂർ: കാർട്ടൂൺ മത്സരത്തിൽ ഒന്നാം സമ്മാനം നൽകിയ ചിത്രം വിവാദമായതിനെ തുടർന്ന് ലളിതകലാ അക്കാദമി സെക്രട്ടറിക്ക് വധഭീഷണി. ചിത്രം ക്രൈസ്തവ മത ചിഹ്നത്തെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. അവാർഡ് വിവാദമായതിന് ശേഷം ഭീഷണി ഫോൺ കോളുകൾ തനിക്ക് ലഭിക്കുന്നെണ്ടെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവാർഡ് പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ പുനഃപരിശോധിക്കുമെന്നും പൊന്ന്യം ചന്ദ്രൻ വ്യക്തമാക്കി. കാർട്ടൂണിൽ ചിത്രീകരിച്ച അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമാണെന്നാണ് ലളിതകലാ അക്കാദമിയുടെ വിലയിരുത്തൽ.
കാർട്ടൂണിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലുള്ള അംശവടി മതചിഹ്നവും അതിൽ അടിവസ്ത്രം തൂക്കിയിട്ടത് മതത്തെ അവഹേളിക്കുന്നതും ആണെന്നാണ് വ്യാപകമായി ഉയർന്ന വിമർശനം. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ലളിത കലാ അക്കാദമിയുടെ തൃശൂർ ആസ്ഥാനത്തെക്ക് കെസിവൈഎം ഇന്ന് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു.