തൃശ്ശൂര്‍ : തൃശ്ശൂര്‍-മാന്ദാമംഗലം റൂട്ടില്‍ വാഹനം ഓടിക്കണമെങ്കില്‍ ഒരു വെട്ടുകത്തിയും കെെയ്യില്‍ കരുതണം. ബി എം ബി സി നിലവാരത്തില്‍ വീതിയുള്ള റോഡ് ഉണ്ടായിട്ടും ഇതുവഴി സുഗമമായി വാഹനങ്ങൾ ഓടിക്കണമെങ്കില്‍ ഇരുവശങ്ങളിലുമുള്ള പുല്‍ക്കാട് വെട്ടി മാറ്റേണ്ട അവസ്ഥയാണ്. പുത്തൂര്‍ - മാന്ദാമംഗലം റൂട്ടില്‍ വെട്ടുകാട് മുതൽ ഇരു വശത്തും വൻ തോതിലാണ് കാട് വളർന്ന് റോഡിലേക്ക് നില്‍ക്കുന്നത്.
ഇതുമൂലം വളവുകളിൽ ഡ്രൈവർമാർക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാൻ കഴിയാത്ത സ്ഥിതിയാണ്. കന്നുകാലികൾക്കാവശ്യമായ തീറ്റ പുൽ കൃഷിയും റോഡരികിൽ വ്യാപകമാണ്. സ്വന്തമായി ഏക്കർ കണക്കിന് ഭൂമിയുള്ള വ്യക്തികളാണ് ഇത്തരത്തില്‍ കൃഷി നടത്തുന്നതെന്നാണ് ആരോപണം.
പുൽ കൃഷി മൂലം റോഡിലെ സൂചന ബോർഡുകളും, വശങ്ങളിലെ റിഫ്ലക്ടറുകളും , കോണ്‍ക്രീറ്റ് കുറ്റികളും ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇടറോഡിൽ നിന്നും ചെറുവാഹനങ്ങൾ കയറുമ്പോള്‍ പ്രധാന റോഡിലൂടെ വരുന്ന ഡ്രൈവർമാർക്ക് ഇവ കാണാൻ സാധിക്കാറില്ല.
ഇത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വീതിയുള്ള റോഡ് ഉണ്ടായിട്ടും പല സ്ഥലത്തും വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്. എത്രയും വേഗം ബന്ധപ്പെട്ടവർ ഇടപെട്ട് റോഡിന്‍റെ വശങ്ങളിലെ കാടുകള്‍ വെട്ടി വൃത്തിയാക്കണമെന്നും തീറ്റ പുൽകൃഷി ചെയ്യാൻ ആരെയും അനുവദിക്കരുതെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടേയും ആവശ്യം.