തൃശൂർ : പുതുക്കാട് മണ്ഡലത്തിൽ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി മന്ത്രി സി. രവീന്ദ്രനാഥ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഭക്ഷ്യസുരക്ഷക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള പദ്ധതിക്കാണ് തുടക്കമായത്.
കാലാവസ്ഥാ വ്യതിയാനവും മലിനീകരണ പ്രശ്‌നങ്ങളും മൂലം ജൈവ വൈവിധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. മണ്ഡലം പിരിധിയിലെ ഏഴ് പഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തിലേയും ജനപ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ തരിശ് ഭൂമിയിലും കൃഷിയിറക്കാനാൻ വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ വിവിധ ഭാഗങ്ങളിലായി പലയിനം കപ്പകൾ കൃഷി ചെയ്യാനാണ് തീരുമാനം. പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ അഞ്ചിന് നടത്തും. ഈ പദ്ധതിയിലൂടെ പതുക്കാട് ജൈവവൈവിധ്യ ഉദ്യാനമാകുന്ന സംസ്ഥാനത്തെ ആദ്യത്തെ മണ്ഡലമായി മാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ്, ക്ഷീരവികസനം, വനംവകുപ്പ്, ഔഷധസസ്യ ബോര്‍ഡ്, കുടുബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.