തൃശൂർ: ഒന്നര കോടി രൂപ മൂല്യമുള്ള വിദേശ കറൻസി നല്‍കാമെന്ന് പറഞ്ഞ് 62 കാരനില്‍ നിന്ന് അമ്പത് ലക്ഷം രൂപ തട്ടിയ കേസിൽ എട്ട് പേര്‍ പിടിയില്‍. തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ടി പി ഫർഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനിൽ നിന്നുമാണ് പ്രതികള്‍ പണം തട്ടിയത്.
ഇയാൾക്ക് മുൻപരിചയമുള്ള അരിമ്പൂർ പരക്കാട് സ്വദേശിനി ചെങ്ങേക്കാട്ട് വീട്ടിൽ ലിജി ബിജു ആണ് കേസിലെ ഒന്നാം പ്രതി. എടക്കഴിയൂര്‍ സ്വദേശി നന്ദകുമാര്‍, അരിമ്പൂര്‍ പറക്കാട് സ്വദേശി ബിജു, വാടാനപ്പിള്ളി സ്വദേശി ഫവാസ്, വെങ്കിടങ്ങ് സ്വദേശികളായ റിജാസ്, യദുകൃഷ്‌ണന്‍, ജിതിന്‍ ബാബു, ശ്രീജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ രണ്ടാം പ്രതി അജ്‌മല്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി ലഭിക്കുന്ന വിദേശ കറൻസികൾ കുറഞ്ഞ മൂല്യമുളള ഇന്ത്യൻ കറൻസിക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ ഒന്നരക്കോടി രൂപയുടെ വിദേശ കറന്‍സി കൈവശമുണ്ടെന്നും അമ്പത് ലക്ഷം രൂപ ഒറ്റത്തവണയായി നൽകിയാൽ വിദേശ കറൻസികൾ നൽകാമെന്നായിരുന്നു ഇടപാട്. മുൻകൂറായി ലിജി പരാതിക്കാരനിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം രണ്ട് തവണകളായി 10 ലക്ഷം രൂപ അക്കൗണ്ട് വഴി കെെപ്പറ്റിയിരുന്നു.
മുൻകൂട്ടി നിശ്ചയിച്ച വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് ലിജി പരാതിക്കാരനെ ഓട്ടോയില്‍ അയ്യന്തോളിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. ഇതിനിടെ മറ്റ് പ്രതികൾ ഓടിച്ചുവന്ന കാർ ഓട്ടോയ്ക്ക് കുറുകെ നിർത്തി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.