തിരുവനന്തപുരം: ഐജിഎസ്‌ടി വിഹിതം ലഭ്യമാക്കുന്നതിലെ വീഴ്‌ചയും നികുതി ചോർച്ചയും സഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കർ. നികുതി ചോർച്ച തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷം ആരോപണം. കോടി കണക്കിന് രൂപയുടെ നികുതി നഷ്‌ടം ഉണ്ടായതായും അടിയന്തര പ്രമേയത്തിന് നോട്ടിസിൽ റോജി എം ജോൺ ആരോപിച്ചിരുന്നു.
എന്നാൽ നോട്ടിസ് പരിശോധിച്ച സ്‌പീക്കർ ഇത് തള്ളി. വിശദമായി സഭയിൽ ചർച്ച ചെയ്‌ത വിഷയമായതിനാൽ സബ്‌മിഷനായി ഉന്നയിക്കാമെന്നായിരുന്നു സ്‌പീക്കറുടെ റൂളിങ്. ഇതോടെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. ബജറ്റിൽ നടന്ന ചർച്ചയിലെ വിഷയങ്ങളല്ല നോട്ടിസിൽ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
400ഓളം ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ല. അതിനാൽ വിശദമായ ചർച്ച വേണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ സ്‌പീക്കർ ഇത് പരിഗണിക്കാതെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്‌ത് ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ വീണ്ടും പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകി. ചർച്ചയ്ക്ക് താത്‌പര്യമില്ലെന്നത് ഗൗരവമായ വിഷയമാണ്. ഇത് എന്ത് സഭയെന്ന് മനസിലാകുന്നില്ല. ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചർച്ച പാടില്ലെന്ന നിലപാടില്ലെന്നും ബജറ്റ് സെഷൻ മുഴുവൻ ചർച്ചയാകാമെന്നും ധനമന്ത്രി മറുപടി നൽകി. എന്നാൽ പ്രതിപക്ഷം ഇത് തളളുകയാണ് ഉണ്ടായത്. റൂൾ 50 പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. എന്നാൽ സർക്കാർ ഇത് അംഗീകരിക്കുന്നില്ല. അടിയന്തര പ്രമേയ ചർച്ചയെ സർക്കാർ ഭയപ്പെടുകയാണ്. രണ്ട് ദിവസമായി നാണംകെട്ട് നിൽക്കുകയാണ് സർക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.
അതേസമയം 400 ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത ധനമന്ത്രിക്കെതിരെ പ്രതിപക്ഷം സ്‌പീക്കർക്ക് പരാതി നൽകി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എ പി അനില്‍കുമാര്‍ ആണ് പരാതി നല്‍കിയത്.
എന്താണ് ഐജിഎസ്‌ടി: അന്തര്‍ സംസ്ഥാന ചരക്കു സേവന വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന ഇന്‍റഗ്രേറ്റഡ് ജിഎസ്‌ടി ആണ് ഐജിഎസ്‌ടി. അതായത് സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുന്നതും സംസ്ഥാനത്തു നിന്ന് കയറ്റുമതി ചെയ്യുന്നതുമായ ചരക്കുകളുടെയും സേവനങ്ങളുടെയും മേല്‍ ചുമത്തുന്ന ജിഎസ്‌ടി ആണിത്. ആര്‍ട്ടിക്കിള്‍ 269 പ്രകാരമാണ് ഐജിഎസ്‌ടി നിയന്ത്രിക്കപ്പെടുന്നത്.
സിജിഎസ്‌ടിയും (സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന ചരക്ക് സേവന വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന ജിഎസ്‌ടി വിഭാഗമാണ് സിജിഎസ്‌ടി) എസ്‌ജിഎസ്‌ടി (സംസ്ഥാനത്തിന് ഉള്ളിലെ ചരക്ക് സേവന വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന ജിഎസ്‌ടി വിഭാഗമാണ് എസ്‌ജിഎസ്‌ടി)യും ചേര്‍ന്നുള്ള നിരക്കായിരിക്കും ഐജിഎസ്‌ടി. ഐജിഎസ്‌ടി ശേഖരിക്കുന്നത് കേന്ദ്രമാണെങ്കിലും ഇത് കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി തുല്യമായി വിഭജിക്കുകയാണ് ചെയ്യേണ്ടത്. ചരക്കുകളും സേവനങ്ങളും ലഭിക്കുന്ന സംസ്ഥാനത്തിന് ഐജിഎസ്‌ടിയുടെ സംസ്ഥാന ഭാഗം ലഭിക്കും. ബാക്കി വരുന്ന ഐജിഎസ്‌ടി വിഹിതം കേന്ദ്ര സര്‍ക്കാരിന് ഉള്ളതാണ്.