തിരുവനന്തപുരം: യുട്യൂബ് വഴി സ്ത്രീകൾക്കെതിരെ അശ്ളീല പരാമർശങ്ങൾ പ്രചരിപ്പിച്ച വിജയ് പി നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ എല്ലാ ശനിയാഴ്ചയും ഹാജരാക്കണം, മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ല, 25000 രൂപയുടെ ജാമ്യ തുക എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം. നേരത്തെ സ്‌ത്രീകളെ അപമാനിച്ചു എന്ന കേസിൽ വിജയ് പി നായർക്ക് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പതിനാല് ദിവസത്തിന് ശേഷം വിജയ് പി നായർ നാളെ ജയിൽ മോചിതനാകും.
ഇതിനിടെ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്നു സ്‌ത്രീകളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌ത്രീകൾക്കെതിരെ അശ്ളീല വീഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരുടെ ജാമ്യ അപേക്ഷ നേരത്തെ തിരുവനന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു .ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.