തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ പിതാവിന്‍റെ മൃതദ്ദേഹം വാങ്ങാനെത്തിയ യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും പങ്കുള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
യുവാവിനെ മര്‍ദിച്ച രണ്ട് ട്രാഫിക് വാര്‍ഡന്‍മാരെ പിരിച്ചുവിട്ടിട്ടുണ്ട്. കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം നടത്തും. സംഭവം സംബന്ധിച്ച് അന്വേഷിച്ച ഡിഎംഇയുടെ റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ച ശേഷം വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ചതിന് പുറത്താക്കിയ സുരക്ഷ ജീവനക്കാരെ വീണ്ടും നിയമിച്ചതില്‍ പരിശോധന നടത്തും. സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ ജീവനക്കാരാണ് തിരികെയെടുത്തവര്‍. ഇവര്‍ക്കെതിരെ ക്രമിനല്‍ കേസുകള്‍ നിലവിലുണ്ടോയെന്ന് പരിശോധിക്കുമോയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരന്തരം സുരക്ഷ ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ പരാതികളുയരാരുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരെ മര്‍ദിക്കുന്ന നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത് പൂര്‍ണമായി തടയാന്‍ ഇതുവരെ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം പിതാവിന്‍റെ മൃതദേഹം വാങ്ങാനെത്തിയ യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.