പത്തനംതിട്ട: ഒരുമിച്ചുള്ള മദ്യപാനത്തിനിടെ, റാന്നിയിൽ യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. റാന്നി മോതിരവയൽ വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്‍റെ മകൻ, ജോബിൻ ജോൺസനാണ് (28) കൊല്ലപ്പെട്ടത്. സംഭവം നടന്ന ഉടനെ റാന്നി പൊലീസ് അന്വേഷണം നടത്തുകയും പ്രതികളായ സഹോദരനേയും സുഹൃത്തിനേയും മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്‌തു.
സംഭവത്തിൽ, ജോബിൻ ജോൺസന്‍റെ സഹോദരൻ ജോജോയും സുഹൃത്ത് പൊന്നുവെന്ന സുധീഷുമാണ് അറസ്റ്റിലായത്. ഇന്നലെ (23 ജൂലൈ) രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്‌തതോടെ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകളുണ്ട്. തലയിൽ മുറിവേൽക്കുകയും ചെയ്‌തിട്ടുണ്ട്. സഹോദരന്‍റെ വീട്ടിലായിരുന്ന അമ്മ രാവിലെ കൊല്ലപ്പെട്ട ജോബിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ വീടിനുള്ളിലെ ഹാളിൽ കണ്ടെത്തിയത്.
തുടർന്ന്, പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. ജോജോയും സുഹൃത്തും ചേർന്നാണ് മർദിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തത്. റാന്നി ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്‌ടർ പിഎസ് വിനോദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, എഎസ്‌ഐമാരായ അനിൽ, കൃഷ്‌ണൻകുട്ടി, കൃഷ്‌ണകുമാർ, എസ്‌സിപിഒ ബിജു മാത്യു, സിപിഓമാരായ സുമിൽ ഷിന്‍റോ, അജാസ്, സോജു, ലിജു, ആൽവിൻ ജോസഫ്, ജിനു, വിനീത്, രഞ്ചു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
മദ്യപാനത്തിനിടെ യുവാവിനെ അടിച്ചുകൊന്നു; പ്രതികൾ പിടിയിൽ: തിരുവനന്തപുരം ശ്രീകാര്യത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കട്ടേല തെക്കേക്കര പുത്തൻവീട്ടിൽ വിനോദ് എന്ന ഗിരീഷ് (35), കുളത്തൂർ കിഴക്കുംകര സ്വദേശി അനീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവരുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. പിന്നീട് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് സാജുവിന്‍റെ മൊബൈൽ ഇവർ ബലമായി പിടിച്ചുവാങ്ങി. വീട്ടിലേക്ക് മടങ്ങിയ സാജുവിനെ ഓട്ടോയിലെത്തിയ പ്രതികൾ ബലമായി പിടിച്ചുകൊണ്ട് കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു.
READ MORE | മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്ന സംഭവം; പ്രതികൾ പിടിയിൽ
തുടര്‍ന്ന്, മൊബൈൽ തിരികെ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സാജുവും സുഹൃത്തുക്കളുമായി തർക്കമായി. തുടർന്ന് കല്ലും തടിക്കഷണങ്ങളും ഉപയോഗിച്ച് പ്രതികൾ സാജുവിനെ ക്രൂരമായി മർദിച്ചു. കല്ലുകൊണ്ടുള്ള ഇടിയിൽ സാജുവിന്‍റെ തലയോട്ടി തകർന്നു. മർദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്ന് കരുതി ആരും തിരിഞ്ഞു നോക്കിയില്ല. സാജുവിന്‍റെ മാതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് പൊലീസിന്‍റെ നടപടി.