തിരുവനന്തപുരം: കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കര്‍ശന നടപടികളിലേക്ക്. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിറക്കി. കഴിഞ്ഞ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇടതുപക്ഷത്ത് നിന്നുള്ള 15 അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ വിസിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിസി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.
അതേസമയം, വിസിയുടെ മറുപടി അംഗീകരിക്കാതെ ഗവര്‍ണര്‍ ഇന്ന് നാലുമണിക്ക് മുന്‍പ് സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കാന്‍ അന്ത്യശാസനം നല്‍കി. എന്നാല്‍, വിസി ഇത് നടപ്പിലാക്കിയില്ല. തുടര്‍ന്നാണ് ഗവര്‍ണര്‍ അസാധാരണ നടപടി സ്വീകരിച്ചത്. സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ തന്നെ ഉത്തരവിറക്കി. 95 സെനറ്റംഗങ്ങളെയും സര്‍വകലാശാലയേയും ഗവര്‍ണര്‍ അറിയിക്കുകയും ചെയ്‌തു.
വിസി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധി നിശ്ചയിക്കാനാണ് സെനറ്റ് യോഗം വിളിക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, യോഗം ചേരാനുള്ള ക്വാറം തികയാത്തതിനാല്‍ അന്ന് യോഗം നടന്നിരുന്നില്ല. ഈ നടപടിയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നവംബര്‍ നാലിന് പ്രത്യേക സെനറ്റ് ചേരാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് അറിയിപ്പ് ഗവര്‍ണര്‍ പുറത്താക്കാന്‍ നിര്‍ദേശിച്ച് സെനറ്റ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു. വിസി നിയമനത്തില്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന സൂചന തന്നെയാണ് ഗവര്‍ണര്‍ നല്‍കുന്നത്.