തിരുവനന്തപുരം: മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങിയ തിമിംഗലസ്രാവ് ചത്തു. തുമ്പയിൽ നിന്ന് കടലിൽ പോയവരുടെ കമ്പവലയിലാണ് കഴിഞ്ഞ ദിവസം തിമിംഗല സ്രാവ് കുടുങ്ങിയത്. വലിയ വേളാപ്പാരയാണെന്ന ധാരണയിൽ വലിച്ച് കരയിലെത്തിച്ചപ്പോഴാണ് തിമിംഗലസ്രാവാണെന്ന് മനസിലായത്.
ഇതോടെ കടലിലേക്ക് തിരിച്ചുവിടാനായി ശ്രമം. വല അറുത്തുമാറ്റി മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് കടലിലേക്ക് തള്ളി ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കരയിൽ കുടുങ്ങിക്കിടക്കുമ്പോൾ ചെകിളയിൽ മണൽ അടിഞ്ഞുകൂടി ചത്തതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റുമോർട്ടത്തിനു ശേഷം കഠിനംകുളം പഞ്ചായത്തധികൃതരുടെ മേൽനോട്ടത്തിൽ തീരപ്രദേശത്ത് കുഴിച്ചുമൂടി. ഒന്നര ടണ്ണോളം ഭാരമുള്ള തിമിംഗല സ്രാവാണ് ചത്തത്. മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പം വയ്ക്കുന്ന സ്രാവാണിത്. ഉടുമ്പ് സ്രാവെന്നും പേരുണ്ട്.
Also Read: ചരിത്രത്തിലേക്ക് ചുവട് വച്ച് കേരളം; ഇരുവരും ട്രാൻസ്‌ജെൻഡറായ രാജ്യത്തെ ആദ്യ വിവാഹം