തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ലഭിക്കാന്‍ സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴ ശക്തമാകാന്‍ കാരണമായേക്കും.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗങ്ങള്‍, ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അതിനാല്‍ ഇടിമിന്നല്‍ ജാഗ്രതയും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദേശങ്ങള്‍:
- കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍ കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കരുത്.
- ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.
- ജനലും വാതിലും അടച്ചിടണം.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.
- വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
- ഇടി മിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- പട്ടം പറത്തുന്നത് ഒഴിവാക്കണം.
- അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
- മിന്നല്‍ ആഘാതമേറ്റ ആളിന്‍റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളെ ഉടന്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കണം.
- ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്.
- ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.
- സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം.