തിരുവനന്തപുരം: വയനാട്ടിൽ മാവോയിസ്റ്റുകളെ ഏകപക്ഷീയമായി പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് ഭീഷണിയില്ലാത്ത കേരളത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം ഏറ്റുമുട്ടലുകള്‍ രാജ്യത്തെ ഏക ഇടതു സര്‍ക്കാരിന്‍റെ മുഖത്ത് കരിവാരിത്തേക്കുന്നതാണ്. അതിനാല്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ ഇനി സംസ്ഥാനത്ത് പാടില്ല.
കേന്ദ്രഫണ്ടിന് വേണ്ടി ആളുകളെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ല. തങ്ങളുടെ പാര്‍ട്ടി മാവോയിസ്റ്റുകള്‍ക്ക് അനുകൂലമല്ല. പല സംസ്ഥാനങ്ങളിലും നക്‌സല്‍ പ്രസ്ഥാനങ്ങള്‍ ജനാധിപത്യ പ്രകിയിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. വനാന്തരങ്ങളില്‍ കഴിയുന്ന മാവോയിസ്റ്റ് കേഡര്‍മാരെ ഇത്തരത്തില്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
വയനാട് വാളാരം കുന്നില്‍ നടന്നത് ഏറ്റുമുട്ടലായിരുന്നെങ്കില്‍ മറ്റാര്‍ക്കെങ്കിലും പരിക്കേല്‍ക്കണമായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാളിന്‍റെ ശരീരത്തിലെ വെടിയുണ്ടയുടെ പാടുകള്‍ കാണാനിടയായ ജനപ്രതിനിധികള്‍ പറയുന്നത് ഏറ്റുമുട്ടലല്ലെന്നു തന്നെയാണ്. മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റുതല അന്വേഷണ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വെളിച്ചം കാണാത്ത സ്ഥിതിയാണ്. ഇത്തരം ഏറ്റുമുട്ടലുകളുടെ കാര്യത്തിലുള്ള സിപിഐയുടെ എതിര്‍പ്പിനിയും തുടരുമെന്നും ഇതിന്‍റെ പേരില്‍ നിവേദനവുമായി ആരെയും സമീപിക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും കാനം പറഞ്ഞു.
സിപിഐയും സിപിഎമ്മും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വരുത്താന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. സിപിഎമ്മുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. കേന്ദ്ര ഏജന്‍സികള്‍ ഒരാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുവെന്നതു കൊണ്ട് അയാള്‍ കുറ്റക്കാരനാകുന്നില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ മാധ്യമ സൃഷ്‌ടിയാണെന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇതൊന്നും ബാധിക്കില്ലെന്നും കാനം പറഞ്ഞു.