തിരുവനന്തപുരം: വിഴിഞ്ഞത്ത് വാടക വീട്ടിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.പ്രതിയെ അറസ്റ്റു ചെയ്യുന്നില്ലെന്നാരോപിച്ചാണ് ഉപരോധം. വെങ്ങാനൂർ അർച്ചനയിൽ അശോകൻ-മോളി ദമ്പതികളുടെ ഏകമകൾ അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.
പ്രണയത്തെ തുടർന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ ഉച്ചക്കട കട്ടച്ചൽക്കുഴി സ്വദേശി സുരേഷിനെ(26) അർച്ചന ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും വാടക വീട്ടിൽ ആയിരുന്നു താമസം. സ്ത്രീധനം ഉൾപ്പെടെ ആവശ്യപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
READ MORE: യുവതി തീകൊളുത്തി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
തിങ്കളാഴ്ച രാത്രിയാണ് അർച്ചനയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. യുവതിയുടേത് കൊലപാതകമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. തുടർന്ന് വിഴിഞ്ഞം പൊലീസ് സുരേഷിനെ കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലേക്ക് എത്തിച്ച മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.