തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളെ അനുനയിപ്പിക്കാന്‍ പുനരധിവാസ പാക്കേജ് മുന്നോട്ടുവച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരാഴ്‌ചയിലേറെയായി വിഴിഞ്ഞത്ത് ശക്തമായ സമരമാണ് നടക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയാണ് പുതിയ പദ്ധതി മുന്നോട്ടു വച്ചത്.
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് മുട്ടത്തറയിലുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ എട്ട് ഏക്കറും, തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും വിട്ടു നല്‍കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്നത്. ഈ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ച് സമരക്കാരുമായി ചര്‍ച്ച നടത്തും.
10 ഏക്കറിലായി 3000 മത്സ്യത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ക്യാമ്പുകളില്‍ താമസിക്കുന്ന 335 കുടുംബങ്ങള്‍ക്കാണ് ആദ്യ പരിഗണന. ഈ കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റും. വാടക വീടുകള്‍ അവരവര്‍ കണ്ടെത്തണം, വാടക സര്‍ക്കാര്‍ നല്‍കും.
മൃഗസംരക്ഷണ വകുപ്പിന് പകരം ഭൂമി ജയില്‍ വകുപ്പ് നല്‍കും. മന്ത്രിസഭ ഉപസമിതി അംഗങ്ങളായ എം.വി ഗോവിന്ദന്‍, ആന്‍റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍, വി.അബ്‌ദുറഹ്‌മാന്‍, കെ.രാജന്‍, ജെ.ചിഞ്ചുറാണി എന്നിവരും മേയര്‍ ആര്യ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിസഭ ഉപസമിതി മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്‌ക്ക് ശേഷം സമരസമിതി നേതാക്കളെ കാണും. ഇന്ന്(22.08.2022) കടലും ഉപരോധിച്ചായിരുന്നു തീരവാസികളുടെ സമരം.