തിരുവനന്തപുരം : രണ്ടാം കപ്പലായ ഷെൻ ഹുവ 29 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്താൻ വൈകും (Vizhinjam International Port). കപ്പൽ വൈകുന്നത് പ്രതികൂല കാലാവസ്ഥ കാരണമാണ്. ഇന്ന് രാവിലെ (നവംബർ 9) കപ്പൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉച്ചയോടെ പുറംകടലിൽ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം The second ship, Shen Hua 29).
ഷെൻ ഹുവ 29 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ്. കപ്പൽ തീരത്ത് എത്തുന്നത് ഷിപ്പ് ടു ഷോർ ക്രെയിനുമായാണ്. തുറമുഖത്തിന് ആവശ്യമായ 6 യാർഡ് ക്രെയിനുകളാണ് ഈ കപ്പലില്‍ എത്തുന്നത്.
ഒക്ടോബർ 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായിൽ നിന്ന് യാത്ര ആരംഭിച്ചത്. ആദ്യ ചരക്കുകപ്പൽ സെപ്‌റ്റംബർ 1 ന് പുറപ്പെട്ട് ഒക്‌ടോബർ 15 ന് തീരമണഞ്ഞിരുന്നു. ഷെന്‍ഹുവ 15 കപ്പലിന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് വിഴിഞ്ഞത്ത് നൽകിയിരുന്നത്. രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷോർ ക്രെയിനുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 26 നാണ് കപ്പല്‍ തീരം വിട്ടത്. പിന്നാലെയാണ് അതേ കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ ഷെൻ ഹുവ 29 പുറപ്പെട്ടത്(VIZHINJAM PORT NEWS UPDATES).
തുടർന്നുള്ള കപ്പലുകൾ 25നും, ഡിസംബര്‍ 15നുമായി തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് തീരത്ത് എത്തിച്ചേരുകയെന്നാണ് അധികൃതർ നൽകുന്ന വിവരം. ഏഴ് കപ്പലുകൾ കൂടി ഉദ്ഘാടനത്തിന് മുമ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് എത്തും.