തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്മഹത്യ ചെയ്‌ത കേസിൽ 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺ കുമാർ ഇപ്പോൾ പൂജപ്പുര ജയിലിൽ തോട്ടക്കാരൻ. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറായിരുന്ന കിരണിന് ഇപ്പോൾ 63 രൂപയാണ് ഒരു ദിവസത്തെ ശമ്പളം. ജോലി ഒരു വർഷം വിജയകരമായി പൂർത്തീകരിക്കുന്നതോടെ 127 രൂപ പ്രതിദിന ശമ്പളം ലഭിക്കും.
രാവിലെ 7.15ന് ജോലി തുടങ്ങുകയും വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുകയും വേണം. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണ സമയത്തും ചെറിയ ഇടവേള. വൈകിട്ട് ചായ ലഭിക്കും. അത്താഴം കഴിച്ച് 5.45ഓടെ വീണ്ടും അഴിക്കുള്ളിൽ. അഞ്ചാം ബ്ലോക്കിലാണ് കിരണിനെ താമസിപ്പിച്ചിരിക്കുന്നത്.
അതേസമയം, നല്ല പെരുമാറ്റം തുടർന്നാൽ പിന്നീട് കിരണിൻ്റെ വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്ത് മെച്ചപ്പെട്ട ജോലി നൽകാനുള്ള ആലോചനയുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട തടവുകാരെയാണ് തോട്ടത്തിൽ നിയോഗിക്കുക. 9.5 ഏക്കർ സ്ഥലത്താണ് പൂജപ്പുര ജയിലിലെ പച്ചക്കറി കൃഷി. അലങ്കാരച്ചെടികളും കൃഷി ചെയ്യുന്നുണ്ട്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ജയിലിലെ പച്ചക്കറി വിൽപനയ്ക്ക് വയ്ക്കും. പതിനായിരം രൂപയിലേറെ വിറ്റുവരവുമുണ്ട്. പുതുതായി എത്തുന്നവരെയും വിവാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും സ്ഥിരം കുറ്റവാളികളായ കൊടും ക്രിമിനലുകളെയും ജയിൽ കോമ്പൗണ്ടിൻ്റെ മതിലിനു പുറത്തുള്ള ജോലികൾക്ക് നിയോഗിക്കാറില്ല. ജയിലധികൃതരുടെ വിശ്വാസം നേടിയാൽ മാത്രമേ ഇവരെ ഇത്തരം ജോലികൾക്കു നിയോഗിക്കൂ.
2020 മേയ് 30നാണ് കിരൺ കുമാറും വിസ്‌മയയും വിവാഹിതരായത്. 2021 ജൂൺ 21നാണ് വിസ്‌മയയെ ശാസ്‌താംകോട്ട പോരുവഴിയിലുള്ള കിരണിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്‌മയയെ കിരൺ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
കോടതി കിരണിന് പത്തു വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ 4 ലക്ഷം രൂപ വിസ്‌മയയുടെ മാതാപിതാക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ 27 മാസവും 15 ദിവസവും അധിക തടവ് അനുഭവിക്കുകയും വേണം. കുറ്റാരോപിതനായപ്പോൾ തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു.