തിരുവനന്തപുരം: ശബരിമലയിൽ തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന് മുന്നോടിയായി ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. 250 പേർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുന്നത്. ദർശനത്തിനെത്തുന്നവർ സർക്കാരിന്‍റെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ദർശനത്തിന് 48 മണിക്കൂർ മുൻപ് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. നിലയ്ക്കലിൽ വീണ്ടും ആൻ്റിജൻ പരിശോധന നടത്തും. സ്വന്തം ചെലവിൽ വേണം ആൻ്റിജൻ പരിശോധന നടത്താൻ.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പമ്പാ സ്‌നാനം അനുവദിക്കില്ല. പകരം ത്രിവേണിയിൽ പ്രത്യേക സംവിധാനമൊരുക്കും. പമ്പയിലേയ്ക്ക് ചെറിയ വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞു കിടക്കുന്നതിനാലാണ് വലിയ വാഹനങ്ങൾ കടത്തിവിടാത്തത്. കെ.എസ്.ആർ.ടി.സി ബസുകളും കടത്തി വിടില്ല. ശബരിമലയിലെ തുലാമാസ പൂജയും ദർശനവുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയായി. ഈ മാസം 16ന് വൈകിട്ട് അഞ്ചിനാണ് തുലാമാസ പൂജയ്ക്കായി നട തുറക്കുന്നത്.