തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുരയിലെ വിജിലൻസ് പ്രത്യേക അന്വേഷണ വിഭാഗം ഓഫീസില്‍ ഇബ്രാഹിംകുഞ്ഞ് ശനിയാഴ്ച ഹാജരാകണം. നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
നേരത്തെ ഒരു തവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്‌തിരുന്നു. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. നിയമസഭ സമ്മേളനം നടന്നുക്കൊണ്ടിരിക്കെ എം.എല്‍.എ കൂടിയായ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനും ആവശ്യമെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനും സ്‌പീക്കറുടെ അനുമതി മതിയായിരുന്നു. എന്നാല്‍ മുന്‍മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. അതിനാലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ നടപടികള്‍ നീണ്ടുപോയത്.
പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണ കരാറില്‍ ഇളവ് നല്‍കാനും കരാര്‍ കമ്പനിക്ക് പലിശ ഇല്ലാതെ മുന്‍കൂര്‍ പണം നല്‍കാനും അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടുവെന്നാണ് ടി.ഒ സൂരജ് വെളിപ്പെടുത്തിയത്.