തിരുവനന്തപുരം : പിടിച്ചെടുത്ത മൊബൈൽ ഫോണിന്‍റെ ബയോമെട്രിക് ലോക്ക് നീക്കാൻ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി വിജിലൻസ്. നേരത്തെ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വിജിലൻസ്, ഫോറൻസിക് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് സരിത് ഹാജരായത്.
ശേഖരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അടുത്തയാഴ്‌ച കൊച്ചിയിൽ വച്ച് ചോദ്യം ചെയ്യലുണ്ടാകുമെന്ന് വിജിലൻസ് സംഘം അറിയിച്ചതായി സരിത് പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് വിജിലൻസ് സംഘം സരിത്തിന്‍റെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.