തിരുവനന്തപുരം: തെറ്റായ ഉത്തരം നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. ജെയ്‌ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ മെൻ്റർ അല്ലായെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി ക്ഷുഭിതനായി തള്ളിക്കളയുകയായിരുന്നു.
ഇതുകൂടാതെ, നയതന്ത്ര ചാനൽ വഴി ബാഗേജ് കൊണ്ട് പോയ വിഷയത്തിലും തെറ്റായ ഉത്തരം നൽകിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രേഖാമൂലം മുഖ്യമന്ത്രി നൽകിയ ഉത്തരത്തിൽ ബാഗേജ് മറന്നിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ബാഗേജ് എടുക്കാൻ മറന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകുന്നത്.