തിരുവനന്തപുരം : മുഖ്യമന്ത്രി മകൾക്ക് വേണ്ടി തീർത്ത പ്രതിരോധം പൊളിഞ്ഞുവീണെന്നും വീണ വിജയൻ ചെയ്തത് ക്രിമിനൽ പ്രവൃത്തിയെന്നും മാത്യു കുഴൽനാടൻ എംഎൽഎ. പുറത്തുവന്നിരിക്കുന്നത് നിർണായക വിവരങ്ങളാണ്. ഈ വിവാദത്തിൽ അധികൃതര്‍ കേൾക്കേണ്ടവരുടെ ഭാഗം കേട്ടില്ല (Mathew Kuzhalnadan against Veena vijayan).
വീണ വിജയന്‍ തൃപ്തികരമായ ഒരു മറുപടിയും നൽകിയിട്ടില്ല. എന്തിനാണ് പിണറായി വിജയന് മൗനം?. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് വീണ വിജയൻ മറുപടി പറയാത്തത്. ഇന്നത്തെ റിപ്പോർട്ടോടെ വീണ വിജയൻ ചെയ്‌തത് കുറ്റമാണെന്ന് തെളിഞ്ഞു. വീണ വിജയനും എക്‌സാലോജിക്കും നിയമലംഘനം നടത്തിയെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സാലോജിക്കിനെതിരെയുള്ള ബാംഗ്ലൂർ രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എക്‌സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹമെന്നാണ് ബാംഗ്ലൂർ ആർഒസി റിപ്പോര്‍ട്ട്. എക്‌സാലോജിക്, സിഎംആർഎല്ലുമായുള്ള കരാർ വിവരങ്ങൾ ഹാജരാക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നൽകിയ സേവനത്തിനാണ് പണം വാങ്ങിയത് എന്നതിന് തെളിവ് ഹാജരാക്കിയിട്ടില്ലെന്നും ജിഎസ്‌ടി അടച്ച ബില്‍ മാത്രമാണ് കമ്പനി ഹാജരാക്കിയതെന്നുമാണ് ആർഒസി, റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.
എക്‌സാലോജിക്, സിഎംആർഎല്ലുമായുളള കരാറിന്‍റെ വിശദാംശങ്ങൾ മറച്ചുവച്ചു. സെക്ഷൻ 447,448 പ്രകാരം ഇതിന്‍മേല്‍ നടപടിയെടുക്കാമെന്നും പരാമര്‍ശമുണ്ട്. പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എന്നാല്‍ അന്വേഷണത്തില്‍ ഭയമില്ലെന്നാണ് സിപിഎം പ്രതികരിച്ചത്. കമ്പനിക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രതിക്കൂട്ടിലാകില്ല. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേന്ദ്ര ഏജന്‍സികളെ വച്ച് രാഷ്ട്രീയ പകപോക്കലാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് കൈക്കൊള്ളുന്നുവെന്ന ആരോപണവും സിപിഎമ്മില്‍ നിന്നുണ്ടായി.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. സർക്കാരിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്‌ടിച്ച നേതാവാണ് രാഹുല്‍. അദ്ദേഹത്തെ എങ്ങനെയും ജയിലിൽ അടയ്ക്കുക എന്നത് പിണറായി വിജയന്‍റെ ലക്ഷ്യമായിരുന്നു. രാഹുൽ പുറത്തുവരുന്നതോടെ യുവജന രോഷത്തിന്‍റെ പുതിയ മുഖം പിണറായി വിജയൻ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:വീണ്ടും കുരുക്കില്‍പ്പെട്ട് എക്‌സാലോജിക്; അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
കഴിഞ്ഞ ദിവസം രാഹുലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡിജിപി ഓഫീസ് മാര്‍ച്ച് എന്നിവയുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്‌തിരുന്നത്. നാല് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് പുറത്തിറങ്ങാന്‍ അവസരമായത്.