തിരുവനന്തപുരം: കേരളത്തോട് കേന്ദ്രം കാട്ടുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകളും 125 നഴ്‌സിങ് കോളജുകളും അനുവദിച്ചതിൽ കേരളത്തെ പൂർണമായും ഒഴിവാക്കിയ നടപടിയ്‌ക്കെതിരെയാണ് വീണ ജോർജിൻ്റെ വിമർശനം. വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തുന്നതിന് കേന്ദ്രത്തോട് സാമ്പത്തിക പിന്തുണ തേടിയെങ്കിലും അതും ഉണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഈ അവഗണന നിർഭാഗ്യകരമാണ്. സാമ്പത്തിക പിന്തുണ അഭ്യർഥിച്ച് താൻ തന്നെ ഡൽഹിയിൽ പോയി നേരിട്ട് കാര്യങ്ങൾ സംസാരിച്ചിരുന്നു. കേരളത്തിൻ്റെ റപ്രസൻ്റേഷനും നൽകിയിരുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യം ഇനിയും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. എയിംസിൻ്റെ കാര്യത്തിലും അങ്ങനെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് എയിംസിനോട് അനുകൂല നിലപാടാണുള്ളത്. കേന്ദ്രത്തിൻ്റെ രാഷ്ട്രീയ സമീപനം കൊണ്ടാണ് കേരളത്തിന് എയിംസ് ലഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
'തെലങ്കാനയിൽ മാത്രം 12 മെഡിക്കൽ കോളജുകള്‍': കോക്ലിയർ ഇംപ്ലാൻ്റേഷൻ വിഷയത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നടപടി സ്വീകരിക്കുമെന്ന് വീണ ജോര്‍ജ്. കെഎസ്എസ്എം നൽകിയ റിപ്പോർട്ട് പ്രകാരം 38 കുട്ടികൾക്കാണ് കോക്ലിയർ ഇംപ്ലാൻ്റേഷൻ വേണ്ടത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. തുടർ നടപടികൾക്കായി സാങ്കേതിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ പുതുതായി അനുവദിച്ചതിൽ 30 സർക്കാർ മെഡിക്കൽ കോളജുകളും 20 സ്വകാര്യ മെഡിക്കൽ കോളജുകളും ഉൾപ്പെടുന്നു. 12 മെഡിക്കൽ കോളജുകളാണ് തെലങ്കാനയിൽ മാത്രം കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിൽ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന് വീതം, ഹരിയാനയിലും ജമ്മു കശ്‌മീരിലും രണ്ട്, കർണാടകയിൽ മൂന്ന്, മഹാരാഷ്ട്രയിൽ നാല്, മധ്യപ്രദേശിൽ ഒന്ന്, നാഗാലാൻഡിൽ ഒന്ന്, ഒഡിഷയിൽ രണ്ട്, രാജസ്ഥാനിൽ അഞ്ച്, തമിഴ്‌നാട്ടിൽ മൂന്ന്, ബംഗാളിൽ രണ്ട്, യുപിയിൽ ഒന്ന് എന്നിങ്ങനെയാണ് കേന്ദ്രം മെഡിക്കൽ കോളജുകൾ അനുവദിച്ചിരിക്കുന്നത്. നഴ്‌സിങ് കോളജുകൾ അനുവദിച്ചപ്പോഴും കേന്ദ്രം കേരളത്തെ അവഗണിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇതുസംബന്ധിച്ച പട്ടിക ഔദ്യോഗികമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും പുതിയ മെഡിക്കൽ കോളജുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജ് കൂടി അനുവദിച്ച സാഹചര്യത്തിൽ 702 മെഡിക്കൽ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമാകും.
അവഗണനയ്‌ക്കിടെയിലും നേട്ടവുമായി കേരളം: ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങില്‍ ഇടപിടിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. 44ാം റാങ്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ലഭിച്ചത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിങില്‍ ഇടംപിടിച്ചത്. ജൂണ്‍ ആറിനാണ് റാങ്കിങില്‍ ഉള്‍പ്പെട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) എന്ന റാങ്ക് പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നേട്ടം. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ നിലവാരം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ചികിത്സാനിലവാരം എന്നിവ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയമാണ് മന്ത്രാലയമാണ് വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കിയത്.