തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാ ഭക്ഷണശാലകളിലും ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ മന്ത്രി പറഞ്ഞു.
കൃത്യമായ മാനദണ്ഡം അനുസരിച്ച് മാത്രമേ അടപ്പിച്ച കടകൾ തുറക്കാൻ അനുവദിക്കൂ. പരിശോധനകൾ തുടർച്ചയായി നടത്തണം. പരിശോധന സംബന്ധിച്ച് മാസം തോറും സംസ്ഥാന തലത്തിൽ വിശകലനം ചെയ്യണം. ജില്ല തലത്തിൽ രണ്ടാഴ്‌ചയിലൊരിക്കൽ വിശകലനം നടത്തണം.
പരിശോധനയ്ക്ക് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർക്ക് പൊലീസ് സഹായം തേടാം. പരിശോധനാഫലങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകൾ നടത്തി. ലൈസൻസും രജിസ്ട്രേഷനുമില്ലാത്ത 283 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
1075 കടകൾക്ക് നോട്ടിസ് നൽകി. 401 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തു. ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി. 674 കടകളിൽ പരിശോധന നടത്തി. 96 കടകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് നോട്ടിസ് നൽകി. 6597 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായും മന്ത്രി പറഞ്ഞു.