തിരുവനന്തപുരം: സിപിഎം വനിത നേതാക്കളെ പൂതന എന്ന് അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പ്രസ്‌താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധമെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഒരു നേതാവും ഇതുവരെ നടത്താത്ത തികച്ചും സഭ്യേതരമായ പരമാര്‍ശമാണിത്. ഇത്തരത്തില്‍ തങ്ങളുടെ പാര്‍ട്ടിയിലെ വനിത നേതാക്കളെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് അവഹേളിച്ചിട്ടും ഒറ്റ സിപിഎം നേതാവിന്‍റെ പോലും ചുണ്ടനങ്ങാത്തത് എന്തു കൊണ്ടാണെന്ന് സതീശന്‍ ചോദിച്ചു.
നിയമസഭയിലെ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദ്ദിച്ചു എന്നാരോപിച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനും കെകെ രമയ്‌ക്കെതിരെ രംഗത്തു വന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറാകാത്തത് ബിജെപിയുമായി നിലനില്‍ക്കുന്ന രഹസ്യ ധാരണയുടെ ഭാഗമാണ്. സുരേന്ദ്രന്‍ പ്രസ്‌താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ സുരേന്ദ്രനെതിരെ സര്‍ക്കാര്‍ കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പരാതിയുമായി യുഡിഎഫ് പൊലീസിനെ സമീപിക്കുമെന്ന് സതീശന്‍ വ്യക്തമാക്കി.
സിപിഎം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പരമാര്‍ശത്തിൽ പ്രതികരണം: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ദിവസം രാജ്യ തലസ്ഥാനത്തു നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന് കേരളത്തിലെ 3 എംപിമാര്‍ മുങ്ങിയെന്ന് സിപിഎം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പരമാര്‍ശം തെറ്റിദ്ധാരണ ജനകമാണ്. മൂന്ന് എംപിമാര്‍ വിട്ടു നിന്നു എന്നത് സത്യമാണെങ്കിലും അവര്‍ ഹൈക്കമാന്‍ഡിന്‍റെ അനുമതിയോടെയാണ് മാറി നിന്നത്. ഒഴിവാക്കാനാകാത്ത ചില പരിപാടികൾ ഉള്ളതിനാലാണ് അവര്‍ക്ക് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അടൂര്‍ പ്രകാശ് എംപിക്ക് വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സത്യഗ്രഹ ജാഥ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അതിന്‍റെ ചില മുന്നോരുക്കങ്ങള്‍ നടത്തേണ്ടി വന്നതിനാലാണ് ഡല്‍ഹിയിലെത്താന്‍ കഴിയാതിരുന്നത്. 5 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രയാണ് അടൂര്‍ പ്രകാശ് നയിക്കുന്നത്. ഇത് മനസിലാക്കാതെ എംപിമാര്‍ മുങ്ങിയെന്ന് പ്രചരിപ്പിക്കുന്നത് മറ്റു ലക്ഷ്യങ്ങളോടെയാണെന്നും വി ഡി സതീശൻ ആരോപിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലേത് സ്വാഭാവികമായ തീപിടിത്തം ആണെന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശന്‍ ചോദിച്ചു. സംഭവം നടന്ന് 20 ദിവസം കഴിയുമ്പോള്‍ വരുന്ന ഇത്തരത്തിലുള്ള ഒരു പ്രാഥമിക റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശഭരണ മന്ത്രി എം ബി രാജേഷും ബ്രഹ്മപുരത്തെ കരാര്‍ കമ്പനിയെ ഒക്കത്തു വച്ച് കൊണ്ടു നടക്കുമ്പോള്‍ പാവം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് എങ്ങനെ മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കാനാകുമെന്നും വിഡി സതീശൻ വിമർശിച്ചു.
നിയമസഭയില്‍ മുഖ്യമന്ത്രിയും തദ്ദേശഭരണ മന്ത്രിയും കമ്പനിയെ ന്യായീകരിച്ചു സംസാരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. അന്വേഷണ ഘട്ടത്തില്‍ കമ്പനിക്ക് അനുകൂലമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് അന്നേ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം പദ്ധതി വിഹിതത്തിന്‍റെ അവസാന ഗഡു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും അത് മാര്‍ച്ച് 29നുള്ളില്‍ ചെലവഴിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്. ഈ പണം ഒറ്റ ദിവസം കൊണ്ട് ചെലവഴിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനറിയാം.
ഈ പണം സ്‌പില്‍ ഓവര്‍ ആയി അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ എത്തുന്നതോടെ ഇത്രയും തുക കുറച്ചു കൊണ്ടുള്ള പദ്ധതി വിഹിതമായിരിക്കും അടുത്ത വര്‍ഷം സര്‍ക്കാര്‍ നല്‍കുക. ഇത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അപ്പാടെ തകര്‍ക്കും. സ്വന്തം നിലയില്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്ന് സര്‍ക്കാര്‍ നിർദ്ദേശങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഏജന്‍സികളാക്കി തദ്ദേശഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ മാറ്റിയെന്ന് സതീശന്‍ ആരോപിച്ചു.
Also read: ദേശീയപാത പൂർത്തിയാവുന്നതിന്‍റെ സങ്കടമാണ് സുരേന്ദ്രനെന്ന് മന്ത്രി മുഹമ്മദ് റിയാസ്