തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപെടുത്താനും അപമാനിക്കാനും വലിയ ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എത്ര കുളിച്ചാലും അതിന്‍റെ കറ സിപിഎമ്മിന്‍റയും ഇടത് മുന്നണിയുടെയും ഭാഗത്തുനിന്ന് മാഞ്ഞുപോകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പുരുഷായുസ് മുഴുവന്‍ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിധേയനായ ആാളാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തെ അനുസ്‌മരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. ജനകീയ മുഖ്യമന്ത്രിയായി ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ട് പോകുമ്പോള്‍ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയ ആരോപണങ്ങളാണ് സോളാര്‍ വിഷയത്തില്‍ ഉയര്‍ന്നത്. അത് പകല്‍ പോലെ സത്യമാണ്. ജനങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും സോളാര്‍ വിഷയത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് നിരവധി അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം: കേസെടുക്കാന്‍ ഒന്നുമില്ലെന്ന് പലതവണ കണ്ടെത്തിയിട്ടും ആരോപണവിധേയയായ സ്ത്രീയെ വിളിച്ചുവരുത്തി അവരില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പരാതി എഴുതി വാങ്ങിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെ നാണംകെടുത്താനാണ് ഈ നീക്കം നടത്തിയത്. ഇത് വലിയ ഗൂഢാലോചനയാണെന്നും ജനങ്ങള്‍ക്കു മുമ്പില്‍ നാണം കെടുത്താനാണ് ഈ ഗൂഡാലോചന നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍ സിബിഐ അന്വേഷണം നടത്തിയിട്ടും ഒന്നും പുറത്തുവന്നില്ല. പുകമറയില്‍ നിര്‍ത്തി അപമാനിക്കാനാണ് ശ്രമിച്ചതെന്നും എന്ത് അന്വേഷണം നടത്തിയാലും സത്യം തെളിയുമെന്നാണ് ഉമ്മന്‍ചാണ്ടി അന്നും പറഞ്ഞത്. അത് സത്യമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപിയെ ചൂണ്ടി മുഖ്യനെ കൊട്ടി: ഇതൊന്നും കോണ്‍ഗ്രസ് പറയണമെന്ന് കരുതിയതല്ല. ഇടതു കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ മറുപടി പറയുകയാണ്. ഈ കഥകള്‍ ഇ.പി ജയരാജന്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസുകള്‍ ഉയര്‍ത്തി പ്രതിപക്ഷം മറുപടി പറയാനാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു. നിയമസഭയില്‍ തന്നെ ഇക്കാര്യം പ്രതിപക്ഷം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് മുഖ്യമന്ത്രിക്ക് നേരെ ചൂണ്ടിത്തന്നെ പറഞ്ഞിട്ടുണ്ട്. നിലവിലെ ആരോപണങ്ങളിലെല്ലാം പ്രതി സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി സമീപകാലത്ത് ഉയര്‍ന്ന എല്ലാ ആരോപണത്തിലും പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയാണ്. ഈ കാര്യങ്ങളെല്ലാം പറയിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് ഇ.പി പറഞ്ഞതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
അനുസ്‌മരണ സമ്മേളനത്തില്‍ വിശദീകരണം: ഉമ്മന്‍ചാണ്ടി അനുസ്‌മരണ സമ്മേളനത്തില്‍ ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച മുദ്രാവാക്യമാണ് വിളിച്ചത്. ആര്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ചില്ല. അതില്‍ അനാദരവിന്‍റെ പ്രശ്‌നമില്ലെന്നും അതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. പുതുപള്ളിയില്‍ രാഷ്ട്രീയ മത്സരം നേരിടാന്‍ കോണ്‍ഗ്രസ് തയാറാണെന്നും ആരുടേയും ഔദാര്യം കോണ്‍ഗ്രസിന് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.