തിരുവനന്തപുരം : മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിരമിച്ച ഒരുദ്യോഗസ്ഥ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കണം. ഇത്രയും വിവരങ്ങള്‍ എന്തിന് ശ്രീലേഖ ഇത്രയും കാലം മറച്ചുവച്ചു എന്നത് അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പരാമര്‍ശം നടത്തുന്നതില്‍ അനൗചിത്യമുണ്ട്. ഇത്രയും കാലത്തിന് ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്തിനെന്ന് അറിയേണ്ടതുണ്ട്. സത്യം പുറത്തുവരണമെന്നും സതീശന്‍ പറഞ്ഞു.
'ഒരുമിച്ചുള്ളത് ഫോട്ടോഷോപ്പ് ചിത്രം': നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ ഐ.പി.എസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നും അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ വിശദീകരിച്ചു.
ALSO READ| നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ ഐപിഎസ്
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. പൾസർ സുനിക്കെതിരെയും ആര്‍ ശ്രീലേഖ ഐ.പി.എസ് വെളിപ്പെടുത്തലുകൾ നടത്തി. പൾസർ സുനി ഇതുപോലെ പല നടിമാരുടെയും ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയര്‍ തകര്‍ച്ച ഭയന്ന് പലരും പുറത്ത് പറയാതെ പണം നൽകി സെറ്റിൽ ചെയ്‌തെന്നും ശ്രീലേഖ വെളിപ്പെടുത്തി.