തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കമ്പനി രജിസ്ട്രാറുടെ ഗുരുതരമായ കണ്ടെത്തലുകള്‍ അന്വേഷിക്കേണ്ട സിബിഐയെയും ഇഡിയെയും ഒഴിവാക്കി അന്വേഷണം കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തെ ഏല്‍പ്പിച്ചത് സിപിഎം - സംഘപരിവാര്‍ ഒത്തു തീര്‍പ്പിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് തൃശൂര്‍ ലോക്‌സഭ സീറ്റിലേക്ക് വോട്ട് മറിച്ചു നല്‍കാനുള്ള ബിജെപി - സിപിഎം ധാരണയുടെ ഭാഗമാണ്. കമ്പനി രജിസ്ട്രാറുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ സിബിഐ, ഇഡി എന്നീ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (VD Satheesan Against Pinarayi Vijayan and Veena Vijayan).
അന്വേഷണം നടത്തി കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കാന്‍ അധികാരമില്ലാത്ത കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമല്ല ഈ കണ്ടെത്തലുകള്‍ സംബന്ധിച്ച് അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയില്‍ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഒരു സേവനവും കൈപ്പറ്റാതെയാണ് 1.72 കോടി രൂപ കമ്പനി കൈമാറിയതെന്നാണ് കണ്ടെത്തലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി (VD Satheesan on Masappadi Case).
പ്രതിപക്ഷ നേതാവിന്‍റ് ആരോപണങ്ങൾ: രജിസ്ട്രാര്‍ ഓഫ് കമ്പനീസിൻ്റെ കണ്ടെത്തല്‍ കമ്പനി നിയമത്തിന്‍റെ 447, 448 വകുപ്പു പ്രകാരമുള്ള കുറ്റങ്ങളാണ്. ഈ വകുപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നീ വകുപ്പുകളാണ്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷിക്കേണ്ടത് ഇഡിയും, അഴിമതി സംബന്ധിച്ച് അന്വേഷിക്കേണ്ടത് സിബിഐയുമാണ്. എന്നാല്‍ ഇവിടെ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരമില്ലാത്ത കോര്‍പ്പറേറ്റ് മന്ത്രാലത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ചത് പതിവു ബിജെപി - പിണറായി ഒത്തു തീര്‍പ്പിന്‍റെ ഭാഗമാണ്.
Also Read: അടിമുടി ദുരൂഹത ; വീണ വിജയന്‍റെ എക്‌സാലോജിക്കിനെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട്
സ്വര്‍ണ്ണക്കള്ളക്കടത്ത്, എസ്എന്‍സി ലാവ്‌ലിന്‍, ലൈഫ് മിഷന്‍, കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് തുടങ്ങിയ കേസുകളും, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പ്രതിയായ കള്ളപ്പണക്കേസും ഇവര്‍ പരസ്‌പരം ഒത്തു തീര്‍പ്പാക്കിയ കാര്യം എല്ലാവര്‍ക്കുമറിയാം. ഇവിടെ പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള തൃശൂര്‍ സന്ദര്‍ശനവും പ്രധാനമന്ത്രിക്കുമുന്നില്‍ മുഖ്യമന്ത്രിയുടെ വിനയാന്വിത ഭാവത്തിലുള്ള ആ നില്‍പ്പും കാണുമ്പോള്‍ ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍ ഇത്രയേ ഉള്ളോ എന്നു സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വീകരിക്കാന്‍ പോകുന്നതില്‍ തെറ്റില്ല. എന്നാല്‍ കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജ്യോതിബസു പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഒഴിവാക്കിയാണ് അദ്ദേഹം ഇരു കൈകളും ചേര്‍ത്തു പിടിച്ച് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത്. ഇതെല്ലാം തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റിന്‍റെ സെറ്റില്‍മെന്‍റിലേക്കാണ് പോകുന്നത്.
ഇത്രയും കാലം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഒരന്വേഷണവും നടത്താതെ പൊടുന്നനെ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്‍റെ അന്വേഷണവുമായി വന്നത് കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലാണെന്ന് വരുത്താനുള്ള സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണ്. ഇതിലൂടെ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ യുഡിഎഫിലേക്ക് പൂര്‍ണമായി പോകുന്നത് തടഞ്ഞ് കോണ്‍ഗ്രസിന്‍റെ വിജയ സാധ്യത ഇല്ലാതാക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റാന്‍ നോക്കുന്നത്.
അതൊന്നും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ചെലവാകാന്‍ പോകുന്നില്ല. തൃശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. ബിജെപി കേരളത്തില്‍ അപ്രസക്തമാണ്. അവര്‍ ഇവിടെ ഒരു സീറ്റിലും ജയിക്കാന്‍ പോകുന്നില്ല. അടിക്കടി പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് നല്ലതാണ്. അത് കേരളത്തിന്‍റെ മതേതര മനസ് കൂടുതല്‍ ഉണരുന്നതിന് സഹായകമാകും.
Also Read: 'എക്‌സാലോജിക്കിൽ ഒരു അഴിമതിയും നടന്നിട്ടില്ല' ; വീണയ്ക്ക് പിന്തുണയുമായി എകെ ബാലൻ
കോണ്‍ഗ്രസ് ഇഡിക്കും സിബിഐക്കും എതിരല്ല. ഈ ഏജന്‍സികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. എക്‌സാലോജിക് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി നീങ്ങിയാല്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കും. തോമസ് ഐസക്കിനെതിരെ ഇഡി കേസെടുത്തപ്പോള്‍ താന്‍ തോമസ് ഐസക്കിനൊപ്പമാണ് നിലയുറപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.