തിരുവനന്തപുരം: നവകേരള സദസിന്‍റെ പിന്തുണ കാണണമെങ്കില്‍ പറവൂര്‍ വച്ച് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനപിന്തുണ കാണാന്‍ പറവൂര്‍ വരെ പോകേണ്ട കാര്യമില്ലെന്നും അതിന്‍റെ മുമ്പ് തന്നെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും അത് കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
സര്‍ക്കാറിന്‍റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുത്തുന്നവരാണ് നവകേരള സദസിനെത്തുന്നവരില്‍ ഏറ്റവും കൂടുതല്‍. പിന്നെ പാര്‍ട്ടി പ്രവര്‍ത്തകരും എത്തുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.
ആളുകളെ ഭീഷണിപ്പെടുത്തി കൊണ്ടു വരേണ്ട കാര്യമില്ല. ഒരുക്കങ്ങളുടെ ഭാഗമായി സ്‌കൂളിന്‍റെ മതിലും ഗ്രൗണ്ടും പൊളിച്ചു. നവകേരള സദസ് അശ്ലീല നാടകമാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ നവകേരള സദസിൽ പങ്കെടുക്കാൻ നിർദേശം നൽകുന്നു. ബൂത്ത് ലെവൽ ഓഫിസർമാരെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ നിർദേശം നൽകുന്നു.
നവകേരള സദസിനായി ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണ പിരിവ് നടത്താന്‍ സർക്കാരിന് അവകാശമില്ല. പ്രതിപക്ഷം ഇതിനെതിരെ കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. അഡിഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ്. ഭരണഘടന ഭേദഗതി പ്രകാരം 94ലെ മുനിസിപ്പൽ ആക്‌ട് പ്രകാരം തനത് ഫണ്ടിൽ നിന്നും പണം പിരിക്കാൻ സർക്കാരിന് അവകാശമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
താലൂക്ക് അദാലത്തിൽ സ്വീകരിച്ച പരാതികളിൽ തീരുമാനമെടുക്കാതെ 5 മാസത്തിനുള്ളിൽ വീണ്ടും പരാതി വാങ്ങാൻ മന്ത്രി സഭായാകെ ഇറങ്ങിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ തന്നെ ഫണ്ട് ഇല്ലാതെ വലയുമ്പോഴാണ് ഇത്തരം നടപടിയെന്നും കോൺട്രാക്‌ടര്‍മാർക്ക് പണം കൊടുത്തിട്ട് രണ്ട് വർഷമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ മറ്റ് പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് പ്രതിപക്ഷം നേരത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ഇത്തരം പരിപാടികള്‍ക്കോ റാഷ്‌ട്രീയ പരിപാടികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മറുപടി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ല തെരഞ്ഞടുപ്പ് ഓഫിസര്‍മാര്‍ക്കും ഒവരുടെ ഔദ്യോഗിക ജോലിയ്‌ക്ക് വീഴ്‌ച വരുത്താന്‍ പാടില്ലെന്നും അവരെ ഔദ്യോഗിക ജോലിക്ക് പുറമെ മറ്റ് ജോലികള്‍ ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടെ ഇത്തരം ഓഫിസര്‍മാര്‍ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.