തിരുവനന്തപുരം: ഫോണ്‍ സംഭാഷണത്തിനിടെ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനോട് അപമര്യാദയായി സംസാരിച്ചതായി പരാതിയുയര്‍ന്ന വട്ടപ്പാറ എസ് എച്ച് ഒ ഗിരിലാലിനെ സ്ഥലം മാറ്റി. ഭക്ഷ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്.പി ശില്‍പ്പ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം. സി.ഐയെ വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയത്.
ഇന്നലെ (22.08.2022) സംഭവം നടന്ന ഉടനെ തന്നെ മന്ത്രി നേരിട്ട് പൊലീസ് മേധാവിയെ വിളിച്ച് പരാതി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് റൂറല്‍ എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സി.ഐയുടെ പെരുമാറ്റം സേനയുടെ അന്തസിനും അച്ചടക്കത്തിനും കളങ്കമുണ്ടാക്കുന്നതാണെന്ന് വിലയിരുത്തലുണ്ടായത്.
മാത്രമല്ല, സംഭവ ദിവസം സി.ഐ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം മന്ത്രിയെക്കാള്‍ വളരെ താഴ്‌ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായ സി.ഐ നടത്തിയ ഫോണ്‍ സംഭാഷണം കടുത്ത അച്ചടക്ക ലംഘനമായും വിലയിരുത്തപ്പെട്ടു. റൂറല്‍ എസ്.പിയുടെ ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉടന്‍ നടപടി.
മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടിന് കീഴിലുള്ള പൊലീസ് സ്റ്റേഷനാണ് വട്ടപ്പാറ. ഈ സ്റ്റേഷന് കീഴിലുള്ള കരകുളത്തെ ഒരു വനിത നല്‍കിയ പരാതിയില്‍ വനിതയ്‌ക്ക് സഹായകമായ നടപടി ഉണ്ടാകണമെന്ന് സൂചിപ്പിക്കാനാണ് മന്ത്രി എസ്.എച്ച്.ഒയെ മൊബൈലില്‍ വിളിക്കുന്നത്. സൗമ്യമായി തുടങ്ങിയ സംഭാഷണമാണ് പിന്നാലെ വാക്‌പോരിലേക്ക് നീങ്ങിയത്.