തിരുവനന്തപുരം : 48 മാസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരം മുതല്‍ മാംഗ്ലൂര്‍ വരെ സഞ്ചരിക്കാനുള്ള സമയം ആറ് മണിക്കൂറായും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സമയം അഞ്ച് മണിക്കൂറായും കുറയ്ക്കാനാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 'കേരളത്തിന് അടിപൊളി വന്ദേ ഭാരതും അടിപൊളി യാത്ര അനുഭവവുമാണ് വന്ദേ ഭാരതിലൂടെ ലഭിക്കുന്നത്. നിലവില്‍ കേരളത്തിലെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിയാകും സ്വീകരിക്കുക' -അദ്ദേഹം പറഞ്ഞു.
നിലവില്‍ 70 മുതല്‍ 80 വരെയാണ് കേരളത്തിലെ ട്രെയിനുകളുടെ വേഗത, ഇത് വര്‍ധിപ്പിക്കണം. ട്രാക്കുകള്‍ ഉള്‍പ്പെടെ ശക്തിപ്പെടുത്തിയാകും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. റെയില്‍ സെക്ഷനുകളുടെ വേഗത വര്‍ധിപ്പിക്കാനായി 381 കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചു. ഇതിലൂടെ കേരളത്തിനകത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ റെയില്‍വേക്ക് അനുവദിക്കുന്നത്. കേരളത്തിന്‍റെ വടക്ക് നിന്നും കിഴക്ക് വരെയും തിരിച്ചും ട്രെയിന്‍ സഞ്ചാരത്തിനുള്ള സമയം കുറയ്ക്കും. കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന്‍റെ സമയദൈര്‍ഘ്യം കുറയ്ക്കാനുള്ള കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണവും ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തപ്പോള്‍ പൂര്‍ണ സഹകരണം അദ്ദേഹം ഉറപ്പ് നൽകിയെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.
കേരളത്തെ പോലെ വിദ്യാഭ്യാസത്തിലും കാര്യക്ഷമതയിലും വലിയ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനത്തിന്‍റെ ട്രെയിന്‍ യാത്രാദൈര്‍ഘ്യം ഇത്രമാത്രം കൂടുതല്‍ ആണെന്നുള്ളത് പരിഹരിക്കപ്പെടേണ്ട കാര്യമാണ്. മുന്‍പ് വര്‍ഷത്തില്‍ 370 കോടി രൂപയാണ് റെയില്‍വേ വികസനത്തിനായി അനുവദിച്ചിരുന്നത്. കേരളം പോലെ സവിശേഷ ഭൂമിശാസ്ത്രവും ജനസാന്ദ്രതയുമുള്ള സംസ്ഥാനത്തിന് ഇത് വളരെ കുറഞ്ഞ തുകയാണ്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലില്‍ 2,033 കോടി രൂപയാണ് വര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ചത്. ഇതൊരു വലിയ കുതിച്ചു ചാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 15 വര്‍ഷത്തേക്കുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ ദീര്‍ഘവീക്ഷണമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായത്. കേരളത്തിലെ മുഴുവന്‍ സ്‌റ്റേഷനുകളുടെയും വികസനത്തിന് ഇത് ഉപകരിക്കും. 33 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ ഇത് സഹായകമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. പ്രാദേശിയ സംസ്‌കാരവും ഉത്പന്നങ്ങളുടെ വിപണനവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകും വികസന പ്രവര്‍ത്തനങ്ങള്‍. വണ്‍ സ്റ്റേഷന്‍, വണ്‍ പ്രൊഡക്‌ട് പദ്ധതി എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നടപ്പിലാക്കും. റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും ഒരുക്കും. ഇതിലൂടെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യമിടുന്നുണ്ട്. 35 സ്റ്റേഷനുകളില്‍ ഇതു നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫിന് ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.