തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകള്‍ ശക്താമാക്കാന്‍ വകുപ്പ് മന്ത്രിമാര്‍ രംഗത്ത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ ഇന്ന് മിന്നല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം വിഴിഞ്ഞം എല്‍ എം എല്‍ പി സ്‌കൂളിലും, കായംകുളം ടൗണ്‍ ഗവണ്‍മെന്‍റ് സ്‌കൂളിലും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് നടപടി.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്‌കൂളുകളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി ആര്‍.അനിലും അറിയിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ-പൊതുവിതരണ, ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതിയാണ് സംസ്ഥാനവ്യാപക പരിശോധനകള്‍ നടത്തുന്നത്. പ്രത്യേക സമിതിയോട് സ്‌കൂളിലെ പാചകപ്പുരകൾ, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, വെള്ളം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രിമാർ നിർദേശിച്ചിരുന്നു.
പരിശോധനകള്‍ ആറ് മാസത്തിലൊരിക്കല്‍ തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മിന്നല്‍ പരിശോധനകളില്‍ വീഴ്‌ച കണ്ടെത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.