തിരുവനന്തപുരം: എക്‌സാലോജിക്കിനെതിരെ കർണാടക സർക്കാരിനോട് വി ഡി സതീശൻ അന്വേഷണം ആവശ്യപ്പെടുമോയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകുമോയെന്നും വി മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ പറ്റി കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ ഗുരുതരമാണ് (V Muraleedharan about Veena Vijayan Exalogic controversies).
സിഎംആർഎൽ കമ്പനിയിൽ നിന്ന് എന്ത് സേവനത്തിനാണ് പണം വാങ്ങിയത് എന്നതിന് മറുപടി നൽകിയില്ല. അതുകൊണ്ടു തന്നെ വാങ്ങിയ പണം കൈക്കൂലി ആണെന്ന് വ്യക്തമാണ്. അഴിമതി പുറത്ത് വന്നിട്ടും മുഖ്യമന്ത്രി മൗനത്തിലാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു (Exalogic controversies against Veena Vijayan).
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ പോലും ലജ്ജയുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. ഈ വിഷയത്തെപ്പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് സേവനത്തിന് നൽകിയ പണം എന്നാണ്. നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇപ്പോൾ വ്യക്തമായി.
പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിൽ എക്‌സാലോജിക്കിന് ഷെയർ ഉള്ളതിനാൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവും മറുപടി പറയണം. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് പാസാക്കിയ, കേന്ദ്ര ഏജൻസികളെ വച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന പ്രമേയം പിൻവലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു. കർണാടകയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് നേരെയുള്ള അന്വേഷണത്തിൽ കേരളത്തിലെയും കർണാടകയിലെയും കോൺഗ്രസിന്‍റെ അഭിപ്രായം എന്തെന്ന് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.
കോർപ്പറേറ്റ് മന്ത്രാലയം ഇത്രയും അന്വേഷണം നടത്തിയത് ആരും ആവശ്യപ്പെട്ടിട്ടല്ല. പിണറായി വിജയൻ കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന ആളല്ല നരേന്ദ്ര മോദി. അങ്ങനെയെങ്കിൽ ഇന്ത്യ സഖ്യം എന്തിനാണെന്നും വി മുരളീധരൻ ചോദിച്ചു.
കോർപ്പറേറ്റ് മന്ത്രാലയത്തിന് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയില്ല എന്നത് വി ഡി സതീശന്‍റെ അറിവില്ലായ്‌മയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയത്ത് കോർപ്പറേറ്റ് മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കും. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ ജയിലിൽ കടന്ന കാര്യം എ കെ ബാലൻ മറന്നുപോയോയെന്നും വി മുരളീധരൻ പരിഹസിച്ചു. സേവനം ചെയ്‌തതിനാണ് പണം വാങ്ങിയത് എന്ന് പറഞ്ഞ എ കെ ബാലൻ എന്ത് സേവനമാണ് ചെയ്‌തത് എന്ന് വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം വീണ വിജയനെയും എക്‌സാലോജിക്കിനെയും വെട്ടിലാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിൽ നടത്തിയ ഇടപാടിൽ അടിമുടി ദുരൂഹതയെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ട് പറയുന്നത് (Registrar of companies report against Veena Vijayan's Exalogic). ഇടപാട് വിവരം സിഎംആര്‍എല്‍ മറച്ചുവച്ചു എന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസി പ്രാഥമിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.
ALSO READ: അടിമുടി ദുരൂഹത ; വീണ വിജയന്‍റെ എക്‌സാലോജിക്കിനെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട്