തിരുവനന്തപുരം : ഉപയോഗശൂന്യമായി കിടന്ന ബസ് വെയിറ്റിങ് ഷെഡ് വഴിയോര വിശ്രമ കേന്ദ്രമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ ഒരുങ്ങുകയാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
സൗജന്യ വൈ ഫൈ ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രം. ധനുവച്ചപുരം സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്‌തിരുന്ന നേരത്തേയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്.
സ്‌കൂൾ, കോളജ് വിദ്യാർഥികളുടെയും മറ്റ് യാത്രക്കാരുടെയും സ്ഥിരം കേന്ദ്രമായിരുന്ന ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാതെ വന്നതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
ഉദ്ഘാടനം സെപ്റ്റംബര്‍ 15 ന്
ശുചിത്വ മിഷന്‍റെ പങ്കാളിത്തത്തോടെ 11 ലക്ഷം രൂപ മുടക്കിയാണ് നിര്‍മാണം. സ്ത്രീകൾക്കും, പുരുഷന്മാർക്കും, ഭിന്നശേഷിക്കാർക്കുമുള്ള ശൗചാലയം, കുളിമുറി, മുലയൂട്ടുന്ന അമ്മമാർക്കുള്ള മുറി, കുട്ടികൾക്കുള്ള മിനി പാർക്ക് എന്നിവയും വിശ്രമ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബശ്രീ പ്രവർത്തകര്‍ക്ക് നടത്തിപ്പ് ചുമതലയുള്ള ഇവിടെ അഞ്ച് ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
വൈകാതെ, ഇവിടെ വിപണന കേന്ദ്രം സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങള്‍. സെപ്റ്റംബര്‍ 15-ാം തിയ്യതിയാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പതിറ്റാണ്ടുകൾ പഴക്കമുള്ള ബസ് വെയ്റ്റിങ് ഷെഡ്ഡിനെ നവീകരിയ്‌ക്കാതെ, വിശ്രമ കേന്ദ്രമാക്കി മാറ്റുന്നതില്‍ പല കോണുകളില്‍ നിന്നായി വിമർശനം ഉയര്‍ന്നിട്ടുണ്ട്.
ALSO READ: എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് പാർട്ടി വിട്ടു