തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പരീക്ഷകൾ ഇന്ന് (28/06/2021) ആരംഭിക്കും. കേരള സർവകലാശാലയുടെ ബിരുദ പരീക്ഷകൾ ഇന്നും ബിരുദാനന്തര ബിരുദ പരീക്ഷകൾ നാളെയും തുടങ്ങും. എം.ജി സർവകലാശാലയിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളും കാലിക്കറ്റ് സർവകലാശയിലെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളും ഇന്ന് ആരംഭിക്കും. കണ്ണൂർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലകളിലെ പരീക്ഷകൾക്കും ഇന്ന് തുടക്കമാകും.
കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരീക്ഷ ഓൺലൈനാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ പരീക്ഷകൾ നടത്താൻ കൂടുതൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സർവകലാശാലകൾ പറയുന്നു.
Also Read: വാക്സിൻ നയം; കേന്ദ്രത്തിന്‍റേത് കള്ളകണക്കുകളെന്ന് ഉവൈസി
കേരള സർവകലാശാല വിദ്യാർഥികൾക്ക് അവരുടെ വീടുകൾക്ക് അടുത്തുള്ള കോളജുകളിൽ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്ന് സർവകലാശാല അറിയിച്ചു. അതേസമയം, പരീക്ഷ എഴുതാൻ പോകുന്നവർക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് പോകുന്നതിന് ഒരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.