തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം മൂന്‍കൂട്ടി ആസൂത്രണം ചെയ്തുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഒരാഴ്‌ച മുമ്പ് വാങ്ങി സൂക്ഷിച്ചിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കുത്തിപ്പരിക്കേല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് കത്തി വാങ്ങിയതെന്നും പ്രതികൾ മൊഴി നല്‍കി. നേരത്തെ എഫ്‌ഐആറിലും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയ ആസൂത്രിത ആക്രമണമെന്ന പൊലീസ് കണ്ടെത്തലിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി നസീമിന്‍റെയും മൊഴികൾ.
മടക്കാന്‍ കഴിയുന്ന കത്തി ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയത്. ഒരാഴ്‌ചയോളം കത്തി എസ്‌എഫ്‌ഐ യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെയാണ് കത്തി കോളജ് ഗേറ്റിന് സമീപം പാര്‍ക്കിങ്ങ് സ്ഥലത്തെ ചവറുകൂനയില്‍ ഒളിപ്പിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.