തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുമ്പോൾ ആഴക്കടല്‍ മത്സ്യബന്ധന വിഷയം ആയുധമാക്കി പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് പുതിയ പോര്‍മുഖം തുറക്കുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളെ പൂര്‍ണമായി കയ്യൊഴിഞ്ഞ മത്സ്യബന്ധന മേഖലകളിലെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാനുള്ള സുവര്‍ണാവസരമായാണ് യു.ഡി.എഫ് ഇതിനെ കണക്കാക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി യുമായി 5000 കോടിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ട സംഭവത്തില്‍ ഫിഷറീസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു കഴിഞ്ഞു. 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും കേരളത്തിന്‍റെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പിട്ട സംഭവം പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടു വന്നതോടെ മത്സ്യമേഖലയില്‍ അലയടിക്കുന്ന അമര്‍ഷം തങ്ങള്‍ക്കനുകൂലമാക്കാനാണ് യു.ഡി.എഫ് ശ്രമം. ഇതിന്‍റെ ഭാഗമായി മത്സ്യബന്ധന മേഖല കേന്ദ്രീകരിച്ചുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും യു.ഡി.എഫ് തുടക്കം കുറിച്ചു കഴിഞ്ഞു. ഫെബ്രുവരി 25ന് തിരുവനന്തപുരത്തെ പ്രമുഖ മത്സ്യബന്ധന മേഖലയായ പൂന്തുറയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ സത്യാഗ്രഹം അനുഷ്ഠിക്കും. മാര്‍ച്ച് ഒന്നു മുതല്‍ രണ്ടു തീര മേഖലാ ജാഥകള്‍ക്ക് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം രൂപം നല്‍കി. തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും കാസര്‍ഗോഡ് നിന്നുമാണ് മേഖലാ ജാഥകള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരത്തു നിന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണും കാസര്‍ഗോഡ് നിന്ന് തൃശൂര്‍ എം.പി ടി.എന്‍. പ്രതാപനുമാണ് ജാഥ നയിക്കുന്നത്. മാര്‍ച്ച് 5ന് ജാഥ എറണാകുളത്ത് സമാപിക്കും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 47 മണ്ഡലങ്ങള്‍ പൂര്‍ണമായും തീരമേഖലയിലാണ്. ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ എല്‍.ഡി.എഫിന്‍റെ കയ്യിലാണ്. മത്സ്യ മേഖലകളില്‍ അലയടിച്ചു തുടങ്ങിയ പ്രതിഷേധം അണയാതെ നിലനിര്‍ത്താനായാല്‍ ഈ മേഖലകളിലെ പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു. തെക്കന്‍ കേരളത്തില്‍ ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗങ്ങളാണ് മത്സ്യ തൊഴിലാളികളിലധികവും. പരമ്പരാഗതമായി ഒപ്പം നിന്ന ഈ മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ കയ്യൊഴിഞ്ഞിരുന്നു.
പെന്‍ഷന്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ഫലമായാണ് തീരമേഖല തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിലയുറപ്പിച്ചതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചു പിടിക്കുകയും സര്‍ക്കാരിന് അനുകൂലമായി നിലനിലനില്‍ക്കുന്ന വികാരം സര്‍ക്കരിനെതിരെ തിരിക്കുകയുമാണ് ഈ പ്രക്ഷോഭങ്ങളിലൂടെ യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ കാത്തലിക് ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സിയും മത്സ്യബന്ധനമേഖകളില്‍ തെക്കന്‍ കേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ സഭയും ആഴക്കടല്‍ മത്സ്യബന്ധനക്കരാറിനെതിരെ രംഗത്തു വന്നതും യു.ഡി.എഫ് ക്യാമ്പിന് ഉണര്‍വേകുന്നതാണ്. ഐശ്വര്യ കേരളയാത്രയുടെ സമാപന വേദിയില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഴക്കടല്‍ മത്സ്യ ബന്ധനക്കരാറിനെതിരെ ആഞ്ഞടിച്ചത് പ്രക്ഷോഭവുമായി മുന്നോട്ടു പോകാനുള്ള ഹൈക്കമാന്‍ഡിന്‍റെ അനുമതിയായാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. മത്സ്യ തൊഴിലാളി മേഖലകളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സന്ദര്‍ശനവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. ആഴക്കടല്‍ മത്സ്യ ബന്ധനത്തിനെതിരെ മാര്‍ച്ച് 27ന് മത്സ്യതൊഴിലാളി സംഘടനകളും ബോട്ടുടമ സംഘവും ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താലിനെ പിന്തുണയ്ക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.