തിരുവനന്തപുരം: കേരളത്തിന്‍റെ ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ നേതൃത്വത്തിലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വർഷങ്ങളോളമായി മുടങ്ങി കിടക്കുന്നത് ഉൾപ്പെടെ 245 പാലങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കി.
ആരവങ്ങളില്ലാതെയാണ് യുഡിഎഫ് സർക്കാർ പാലങ്ങൾ ഉദ്ഘാടനം ചെയ്തെത്. ഇന്ന് കൊച്ചിയിലെ രണ്ട് ഫ്ലൈ ഓവറുകൾ ഭരണം തീരാറായപ്പോൾ വലിയ ആഘോഷത്തോടെ തുറന്നത് കണ്ടപ്പോൾ അതിശയം തോന്നിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് സർക്കാർ ഡി പി ആർ തയ്യാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂർ ഫ്ലൈ ഓവറുകൾ അഞ്ചുവർഷം എടുത്താണ് ഇടതുസർക്കാർ പൂർത്തിയാക്കിയെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.
അതിവേഗം വളരുന്ന കൊച്ചിയിൽ മെട്രോ ട്രെയിൻ തുടങ്ങിയപ്പോൾ സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂർ ദേശീയപാത ബൈപ്പാസിൽ പാലാരിവട്ടം, വൈറ്റില ജംഗ്ഷൻ എന്നിവിടങ്ങളിൽ മേൽപാലങ്ങൾ നിർമിക്കുന്നതിന് ഉത്തരവ് നൽകിയത്.
യു.ഡി. എഫ് സർക്കാർ തുടങ്ങിയത് അല്ലാതെ ഒരു ഫ്ളൈ ഓവറോ പാലമോ ഇടതുസർക്കാർ ചെയ്തിട്ടില്ല . യു.ഡി. എഫ് സർക്കാർ ആഴ്ചയിൽ ഒരു പാലം എന്ന നിരക്കിൽ പാലങ്ങൾ തീർത്തപ്പോൾ ഇടതു സർക്കാർ അഞ്ചുവർഷം കൊണ്ട് ഒരു പാലം എന്ന നയമാണ് സ്വീകരിച്ചത് എന്നും ഉമ്മൻചാണ്ടി പത്രക്കുറിപ്പിലൂടെ പറഞ്ഞു.