തിരുവനന്തപുരം: കഠിനംകുളത്ത് തോക്കുകളും മാരകായുധങ്ങളുമായി ഗുണ്ട സംഘത്തിലെ രണ്ടു പേർ പിടിയിൽ. മൂന്നു തോക്കുകൾ വടിവാൾ, കത്തി, കഠാര തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടികൂടി. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.
വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31), കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം ബുധനാഴ്‌ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡ് വശത്ത് നിൽക്കുകയായിരുന്ന യുവാക്കളുമായി വാക്ക് തർക്കമുണ്ടായി.
തുടർന്ന് ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ കത്തിയുമായി യുവാക്കളെ ആക്രമിക്കാൻ ഇറങ്ങി. കത്തിവീശി ആക്രോശിച്ച് ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകർ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കുൾപെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തു.
തോക്ക് ബ്രസീല്‍ നിര്‍മിതം: കണിയാപുരം സ്വദേശി മനാലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടു തോക്കുകൾ പൊലീസ് കണ്ടെടുത്തത്. പിടികൂടിയവയില്‍ ഒരു തോക്ക് ബ്രസീൽ നിർമിതമാണ്. തോക്ക് വിദേശത്ത് നിന്നും കൊണ്ടുവന്നതാണെന്നാണ് മനാൽ പൊലീസിനോടു പറഞ്ഞത്.
പിടിയിലായ ഷാഹുൽ ഹമീദ് ബലാൽസംഗമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പിടികൂടിയ തോക്കുകളിൽ ഒന്ന് വെടിയുണ്ടകൾ നിറച്ചതായിരുന്നു. ഇവയ്ക്ക് ലൈസൻസ് ഇല്ലെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ വിദേശത്തേക്ക് പോയ ഒരാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷനുമായിട്ടാണ് എത്തിയതെന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ, ഒളിവിൽ പോയ ഫവാസിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിയുകയുള്ളൂ എന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം: അതേസമയം, പോത്തന്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ ഇക്കഴിഞ്ഞ 11ാം തീയതി പൊലീസ് പിടിയിലായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകിട്ട് നാല് മണിയോടെ ബസ് സ്‌റ്റോപ്പിലേയ്‌ക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ് എന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയായിരുന്നു നാലംഗ സംഘം ആക്രമിച്ചത്. മുടിവെട്ടിയതിനെ തുടര്‍ന്ന് കളിയാക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്‌തിരുന്നു.
ആണ്‍കുട്ടിയാണെന്ന് കരുതയാണ് രണ്ടു ബൈക്കിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ നാലംഗ സംഘം മര്‍ദിക്കുകയായിരുന്നു. ശേഷമാണ് പെണ്‍കുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്.
പെണ്‍കുട്ടിയാണെന്ന് അറിഞ്ഞ നിമിഷം വാഹനങ്ങളുമായി സംഘം കടന്നു കളയുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ചെവിക്കും നെഞ്ചിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
പ്രതികള്‍ എത്തിയ ബൈക്കിന്‍റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് ഇവരെ പൊലീസ് പിടികൂടിയത്. നാലംഗ സംഘത്തിലെ രണ്ട് പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പോത്തന്‍കോട് പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.