തിരുവനന്തപുരം : വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. തൈക്കാട് സ്വദേശി നിതിൻ ( 23) പാലക്കാട് പെരിങ്ങോട്ടുകുറുശിയിൽ രാകേഷ് (30) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി.
മംഗലപുരത്ത് ലോഡ്‌ജിൽ വാടകയ്ക്ക് മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൊത്തവിതരണക്കാരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച പള്ളിപ്പുറത്ത് ബേക്കറിയിൽ കയറി അന്യസംസ്ഥാന തൊഴിലാളിയെ കുത്തിയ കേസിലെ പ്രതിയെ അന്വേഷിച്ച് ലോഡ്‌ജുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ കുടുങ്ങുന്നത്.
മംഗലപുരം പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പരിശോധന നടത്തിയത്. പിടിയിലായ രണ്ട് പേരും നേരത്തേ വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന തിരുവനന്തപുരം ജില്ലയിലെ മുഖ്യകണ്ണികളാണ് പ്രതികൾ.
ആന്ധ്രയിൽ നിന്നും കിലോ 5000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് 35000 രൂപയ്‌ക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിപണിയിൽ രണ്ടര ലക്ഷം രൂപയിലധികം വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്.
ALSO READ:മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡനം ; രണ്ട് പേർ അറസ്റ്റിൽ
കഴിഞ്ഞ ആഴ്‌ച ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹത്തിൽ കടത്തിയ 12 കിലോ കഞ്ചാവുമായി തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന സംഘങ്ങളെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.