തിരുവനന്തപുരം: എട്ട് ദിക്കുകളില്‍ നിന്നും ഉയരുന്ന സമര മുദ്രാവാക്യങ്ങള്‍... എങ്ങോട്ട് തിരിഞ്ഞാലും വാഹനങ്ങളുടെ ഹോണടികള്‍... യാന്ത്രികമായ ജീവിതം... തലസ്ഥാന നഗരത്തിന്‍റെ ഈ തിരക്കിനിടയില്‍ ശാന്തമായി കൂട്ടുകൂടാന്‍ ഒരിടം ആരും ആഗ്രഹിക്കും. ഇത്തരത്തിലൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം കൂട്ടായ്‌മയായ ട്രിവാന്‍ഡ്രം റീഡേഴ്‌സ്.
വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും അടക്കം നിരവധി പേരാണ് പ്രായ വ്യത്യാസമില്ലാതെ ഈ കൂട്ടായ്‌മയുടെ ഭാഗമായി പുസ്‌തക വായനയ്ക്കും മറ്റുമായി ഇതിൽ പങ്കുചേരുന്നത്. തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയത്തിന് ചുറ്റുമാണ് എല്ലാ ശനിയാഴ്‌ചയും ഈ കൂട്ടായ്‌മ കൂടിച്ചേരുന്നത്. വിനോദ സഞ്ചാരികള്‍ക്കും ജോഗര്‍മാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ പ്രശസ്‌തമാണ് ഇവിടം. രാവിലെ 8 മണി മുതല്‍ 11 മണി വരെ മ്യൂസിയം പരിസരത്ത് ഒത്ത് ചേരുന്ന കൂട്ടായ്‌മ പുസ്‌തകം വായിക്കാനും സൗഹൃദം പങ്കിടാനും സമയം കണ്ടെത്തും. ജൂണ്‍ 10നാണ് ട്രിവാന്‍ഡ്രം റീഡേഴ്‌സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചത്. ഇതിന് ശേഷമുള്ള ആദ്യ ശനിയാഴ്‌ച മുതല്‍ കൂട്ടായ്‌മയിലെ അംഗങ്ങള്‍ എല്ലാ ശനിയാഴ്‌ചകളിലും മ്യൂസിയത്തിലെത്താറുണ്ട്.
തിരുവനന്തപുരത്ത് താമസിക്കുന്ന ആർക്കും ഈ കൂട്ടായ്‌മയിൽ പങ്കുചേരാം. എഴുത്തുകാരനായ ബിന്നി ബാബുരാജാണ് ഈ കൂട്ടായ്‌മയ്‌ക്ക് പിന്നില്‍. ബെംഗളൂരുവില്‍ ആരംഭിച്ച കബ്ബണ്‍ ഓങ് മോഡല്‍ തലസ്ഥാനത്തും ആരംഭിക്കുകയായിരുന്നു. കമ്മ്യൂണിറ്റി കബ്ബൺ റീഡ്‌സ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ബിന്നി ബാബുരാജ് കൂട്ടായ്‌മ രൂപീകരിച്ചിട്ടുള്ളത്. സമകാലിക ലോകത്ത് എല്ലാവരും മൊബൈല്‍ ഫോണിലും ടിവിയിലുമെല്ലാം സമയം ചെലവഴിക്കുന്ന സാഹചര്യത്തിലും വായനയില്‍ തത്‌പരരായവരെ ഒന്നിച്ച് ചേര്‍ക്കുകയും വായന ശീലം വളര്‍ത്തുകയുമാണ് കൂട്ടായ്‌മയിലൂടെ ലക്ഷ്യമിടുന്നത്. ചര്‍ച്ചകളും മറ്റും ഒഴിവാക്കി സോഷ്യല്‍ ആന്‍ക്‌സയിറ്റി ഉള്ളവരെ കൂടി പരിഗണിച്ചാണ് ഈ കൂടിച്ചേരല്‍.
പച്ചപുല്ല് പരവതാനി വിരിച്ച മ്യൂസിയം മുറ്റത്ത് സൗകര്യമായി ഇരുന്ന് പുസ്‌തകം വായിക്കാന്‍ വിരിപ്പുകളുമായാണ് ചിലര്‍ എത്താറുള്ളത്. മാത്രമല്ല പുസ്‌തകം വായനക്കിടെ കൊറിച്ച് കൊണ്ടിരിക്കാന്‍ ചെറുകടികളുമായും കൂട്ടായ്‌മയില്‍ ചിലര്‍ എത്താറുണ്ട്. എന്നാല്‍ ഒത്തുചേരലിനെത്തുന്നവരോട് ഒറ്റ കണ്ടീഷൻ മാത്രം. തങ്ങളുടെ സമീപനവും പെരുമാറ്റവും കൂട്ടായ്‌മയിലെ മറ്റൊരാൾക്കും അസൗകര്യമാവരുത്.
പുസ്‌തക വായനയ്ക്ക് ശേഷം പുതിയ സൗഹൃദം തേടുന്നവര്‍ക്ക് അതിനും കൂട്ടായ്‌മയിലൂടെ അവസരമുണ്ട്. ആഴ്‌ചയില്‍ ആറ് ദിവസവും ജോലി സ്ഥലത്തോ മറ്റിടങ്ങളിലോ നേരിട്ട മടുപ്പുകളെല്ലാം ഇല്ലാതാക്കുകയാണ് ഈ കൂട്ടായ്‌മയിലൂടെ. മൂന്ന് മണിക്കൂര്‍ സമയം മ്യൂസിയം പരിസരത്ത് ചെലവഴിക്കുന്ന സംഘം ഒരു ചൂട് ചായയും കുടിച്ച് അടുത്തയാഴ്‌ച വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍ പിരിയും.